ഡൽഹി : പി ആര്‍ ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ ആകുന്നു വര്‍ഷാവസാനം വരെ ശ്രീജേഷ് നായകനായി തുടരുമെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.
ഇതോടെ ഓഗസ്റ്റില്‍ ജക്കാര്‍ത്തയില്‍ തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിലും ശ്രീജേഷ് നായകനാകുമെന്ന് ഉറപ്പായി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന്
പിന്നാലെയാണ് ശ്രീജേഷിനെ നായകനായി തിരിച്ചുവിളിച്ചത്. മന്‍പ്രീത് സിംഗായിരുന്നു ശ്രീജേഷിന്റെ പകരക്കാരനായി ഇന്ത്യയെ നയിച്ചത്.
ഡ്രെസ്സിംഗ് റൂമില്‍ ശ്രീജേഷിന് ലഭിക്കുന്ന ബഹുമാനം ആണ് തീരുമാനത്തിന് കാരണമെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. 2016ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ശ്രീജേഷ് ആദ്യം ഇന്ത്യന്‍ നായകനായത്. അഭിമാന വെള്ളിയുമായി ഇന്ത്യ തിളങ്ങിയതോടെ ശ്രീജേഷ് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് പരിക്കുമൂലം കുറച്ചുകാലം ഹോക്കിയില്‍ നിന്ന് ശ്രീജേഷ് വിട്ടുനിന്നു. ഇതിനുശേഷം ഈ വര്‍ഷം ജനുവരിയില്‍ ചതുര്‍രാഷ്‌ട്ര ടൂര്‍ണമെന്റിലൂടെയാണ് ശ്രീജേഷ് തിരിച്ചുവന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യ മെഡലില്ലാതെ മടങ്ങിയതില്‍ ഹോക്കി ഇന്ത്യ നിരാശ പ്രകടിപ്പിച്ചിരുന്നു. മുതിര്‍ന്ന താരങ്ങളോട് ഇതുസംബന്ധിച്ച് ഹോക്കി ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമം, വനിതാ ടീം ക്യാപ്റ്റനായി റാണി രാംപാല്‍ തന്നെ തുടരും.