ശ്രീജിത്തിന് സ്റ്റേഷനിൽവച്ച് ക്രൂരമർദനമേറ്റതിന് ശാസ്ത്രീയ തെളുവുകൾ
കൊച്ചി: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന് സ്റ്റേഷനിൽവച്ച് ക്രൂരമർദനമേറ്റതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. എസ്ഐ ജി.എസ്. ദീപക് ശ്രീജിത്തിനെ മർദിച്ചതായുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെ കൊലക്കുറ്റം ചുമത്തി അറസ്റ്റിലായിരിക്കുന്ന ദീപക് കേസിൽ ഒന്നാം പ്രതിയായേക്കും.
അതേസമയം, ശ്രീജിത്തിനെ മർദിച്ചിട്ടില്ലെന്നാണ് ദീപക്കിന്‍റെ മൊഴി. രാത്രി വൈകി ഏറെ ദൂരം ബൈക്ക് ഓടിച്ചുവന്നതിന്‍റെ അമർഷം ഉണ്ടായിരുന്നു. പ്രതികളെ കാണാൻ വന്നവരോട് അത് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ദീപക് അന്വേഷണ സംഘത്തിനോട് പറഞ്ഞു.
നേരത്തേ, എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് ദീപക്കിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീജിത്തിനെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളായ ജിതിൻ രാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് ആദ്യ മൂന്നു പ്രതികൾ. എസ്ഐ ദീപക് നിലവിൽ നാലാം പ്രതിയാണ്.