വർണവിവേചനവിരുദ്ധ നായിക നായിക വിന്നി മണ്ടേല അന്തരിച്ചു
ദക്ഷിണാഫ്രിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ
മണ്ടേലയുടെ രണ്ടാമത്തെ ഭാര്യയായിരുന്നു വിന്നി
ദീർഘകാലമായി വിന്നി അസുഖബാധിതയായി കിടപ്പിലായിരുന്നു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേലയുടെ മുൻ ഭാര്യയും വർണവിവേചനവിരുദ്ധ നായികയുമായ വിന്നി മണ്ടേല (81) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ദക്ഷിണാഫ്രിക്കയിലെ സ്വവസതിയിലായിരുന്നു വിന്നി മഡികിസേല മണ്ടേലയുടെ അന്ത്യം. ദീർഘകാലമായി വിന്നി അസുഖബാധിതയായി കിടപ്പിലായിരുന്നു. അസുഖം മൂലം ഈ വർഷം ആദ്യം മുതൽ നിരന്തരം വിന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വർണവിവേചനത്തിനെതിരായ പോരാട്ടത്തിൽ മണ്ഡേലയ്ക്കൊപ്പം പ്രവർത്തിച്ച വിന്നിയെ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണു വിശേഷിപ്പിച്ചിരുന്നത്.
മണ്ടേലയുടെ രണ്ടാമത്തെ ഭാര്യയായിരുന്നു വിന്നി. ജോഹന്നാസ്ബർഗിൽവച്ച് ഇരുപത്തിരണ്ടാം വയസിലാണ് മണ്ടേലയെ വിന്നി ആദ്യമായി കണ്ടുമുട്ടുന്നത്. 1958ൽ ഇരുവരും വിവാഹിതരായി. മണ്ടേല-വിന്നി ദമ്പതികൾക്ക് സെനാനി, സിൻഡ്സിസ്വ എന്നീ രണ്ട് പുത്രിമാർ ജനിച്ചു. രണ്ടാമത്തെ പുത്രിക്ക് ഒന്നര വയസുള്ളപ്പോഴാണ് (1962ല്‍) മണ്ടേലറോബിൻ ദ്വീപിൽ ജയിലിലടക്കപ്പെടുന്നത്. 22 വര്‍ഷത്തിനുശേഷമാണു വിന്നി മണ്ടേലയ്ക്ക് അദ്ദേഹത്തെ കണ്ണാടി ജനലിനിപ്പുറം നിന്നെങ്കിലും ഒന്നു കാണാന്‍ അവസരം ലഭിച്ചത്. മണ്ടേല ജയിലിൽ കഴിഞ്ഞ 27 വർഷം രണ്ടു മക്കളെ വളർത്തുന്നതിനൊപ്പം വർണവിവേചനത്തിനെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോയതും വിന്നിയായിരുന്നു.
രാഷ്ട്രീയാദർശങ്ങൾ തമ്മിലുള്ള വ്യത്യാസം കുടുംബജീവിതത്തിലും പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ 1992-ൽ ഇവർ വേർപിരിയുകയും 1996 മാർച്ച് ഒന്നിനു വിവാഹമോചിതരാവുകയും ചെയ്തു. വിവാഹമോചിതയായെങ്കിലും മണ്ടേലയുമായുള്ള ബന്ധം അവർ നിലനിർത്തിയിരുന്നു. പേരിന്റെ അറ്റത്തുള്ള മണ്ടേല വിട്ടുകളയാനും അവർ ഒരുക്കമായിരുന്നില്ല.