വെട്ടിനിരത്തി സി പി ഐ.സോമൻ പോയി ബിജിവന്നു
മലപ്പുറം: സിപിഐ സംസ്ഥാന സമിതിയിൽ അഴിച്ചുപണി. ഇരുപക്ഷത്തേയും പ്രമുഖ നേതാക്കളെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കി. ഇടുക്കി ജില്ലാ കമ്മിറ്റി അംഗം വാഴൂർ സോമനാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രധാനി. അഴിമതി ആരോപണങ്ങളെ തുടർന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനായ സോമനെ ഒഴിവാക്കിയതെന്നാണു സൂചന.
കെ.ഇ. ഇസ്മയിൽ പക്ഷത്തെ പ്രമുഖൻ എം.പി. അച്യുതനെയും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പാലക്കാട്, എറണാകുളം ജില്ലകളിൽനിന്ന് സംസ്ഥാന സമിതിയിലേക്കു മത്സരം നടന്നു. മത്സരത്തിൽ കെ.ഇ. ഇസ്മയിൽ പക്ഷത്തെ പ്രമുഖ നേതാവായ ഈശ്വരി നേശൻ തോറ്റു.
കെ.ഇ ഇസ്മയിലിനെതിരെ രൂക്ഷ വിമർശനം നടത്തി റിപ്പോർട്ട് തയാറാക്കിയ കണ്ട്രോൾ കമ്മീഷൻ ചെയർമാനേയും കണ്‍വീനറെയും നീക്കിയെന്നാണു ലഭിക്കുന്ന വിവരം. ഇടുക്കിയിൽനിന്നുള്ള ഇ.എസ്. ബിജിമോൾ എംഎൽഎ സംസ്ഥാന സമിതിയിലേക്കു തിരിച്ചെത്തി. സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് ബിജിമോൾ സംസ്ഥാന സമിതിയിൽനിന്നു പുറത്തായത്.