വീണ്ടും മാണി യുഡിഎഫിലേക്ക് ? കൂടിക്കാഴ്ച്ച പ്രാധാന്യമുള്ളതെന്ന് പി.ജെ.ജോസഫ്;
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കെ.എം.മാണി കൂടിക്കാഴ്ചയ്ക്കുശേഷം വ്യക്തമാക്കിയിരുന്നു. കേരളാ കോണ്ഗ്രസ്-എമ്മിന്റെ ഉപസമിതി ചൊവ്വാഴ്ച ചേരുന്നുണ്ടെന്നും ഈ യോഗത്തിനുശേഷം പ്രതികരിക്കാമെന്നും യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കെ.എം. മാണി പറഞ്ഞു.
അതേസമയം, യുഡിഎഫിനുതന്നെ മാണി പിന്തുണ പ്രഖ്യാപിക്കുമെന്നാണു ലഭിക്കുന്ന സൂചന. പി.ജെ.ജോസഫിന്റെ ശക്തമായ എതിർപ്പാണ് മാണിയെ എൽഡിഎഫിലേക്കു പോകുന്നതിൽനിന്നു തടഞ്ഞത്. പാർട്ടിയിലെ ഒരു വിഭാഗം മാത്രമായി എൽഡിഎഫിലേക്കു വരേണ്ടതില്ലെന്ന് സിപിഎമ്മും നിലപാട് സ്വീകരിച്ചു. ഇതേതുടർന്ന് രണ്ടു വർഷത്തിനുശേഷം, യുഡിഎഫിലേക്കുള്ള മടങ്ങിപ്പോക്ക് സംബന്ധിച്ചു ചൊവ്വാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണു കരുതുന്നത്.
മാണിയെ നേരിട്ടുകണ്ട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർഥിക്കാനാണു യുഡിഎഫ് നേതാക്കൾ പാലായിൽ എത്തിയത്. ഉമ്മൻ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ്-എമ്മിന്റെ നിലപാട് മാണി പ്രഖ്യാപിക്കാനിരിക്കേയാണ് യുഡിഎഫ് സംഘം എത്തിയത് എന്നത് നിർണായകമാണ്.