ഡൽഹി : രണ്ടാം ഘട്ട തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് രാവിലെ ദില്ലിയിൽ നിന്നും കർണാടകത്തിലേക്ക് സഞ്ചരിച്ച വിമാനത്തിൽ അസ്വഭാവിക സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതായി കോൺഗ്രസിന്റെ പരാതി. കർണാടകത്തിലേക്ക് ഹൂബ്ലിയിലേക്ക് പ്രത്യേക വിമാനത്തിൽ മറ്റു നാല് പേർക്കൊപ്പമായിരുന്നു രാഹുൽ സഞ്ചരിച്ചത്. എന്നാൽ യാത്രയ്ക്കിടെ വിമാനത്തിൽ നിന്ന് അസാധാരണമായ ശബ്ദവും കുലുക്കവും അനുഭപ്പെട്ടെന്നാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് പറയുന്നത്.
ഹുബ്ലി വിമാനത്താവളത്തിൽ മൂന്നാമത്തെ ശ്രമത്തിലാണ് വിമാനത്തിന് ലാന്റ് ചെയ്യാൻ സാധിച്ചത്. വിമാനത്തിന്റെ അസ്വാഭാവിക കുലുക്കത്തെ തുടർന്ന് രാഹുലിന്റെ സഹായി കർണാടക ഡിജിപിക്കും ദില്ലി പോലീസിനും പരാതി നൽകി. സംഭവത്തിൽ ഇടപെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് രാഹുൽ ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. വൈകുന്നേരം ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ നിന്നും രാഹുലിനെ ടെലിഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു.
സംഭവത്തെക്കുറിച്ച് രാഹുലിന്റെ സഹായി ആശിഷ് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്. ദില്ലിയില്‍ നിന്ന് പുറപ്പെട്ട് ഹൂബ്ലിയിലെത്തുന്നതിന് കുറച്ചു മുന്‍പായാണ് വിമാനത്തില്‍ അസ്വാഭാവികമായി ചിലത് സംഭവിച്ചത്. പറക്കുന്നതിനിടെ പെട്ടെന്ന് വിമാനം ഒരു വശത്തേക്ക് ചരിഞ്ഞു. ചരിഞ്ഞതിനോടൊപ്പം തന്നെ വലിയ കുലുക്കത്തോടെ വിമാനം അഞ്ഞൂറ് മീറ്ററോളം താഴേക്ക് പതിച്ചു.
ഈ സമയം വിമാനത്തിന്റെ ഇടത് ഭാഗത്ത് നിന്ന് ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാവുമ്പോള്‍ പക്ഷേ കാലാവസ്ഥയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. കാറ്റും അനുകൂലമായിരുന്നു. പിന്നീട് ഹൂബ്ലിയിലെത്തിയ ശേഷം രണ്ട് തവണ ആകാശത്ത് വട്ടമിട്ടു പറന്ന ശേഷമാണ് ലാന്‍ഡ് ചെയ്യാന്‍ സാധിച്ചത്. ലാന്‍ഡിഗിംലും ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഗുരുതരമായ എന്തൊക്കെയോ തകരാറുകള്‍ സംഭവിച്ചെന്നാണ് പൈലറ്റുമാര്‍ തങ്ങളോട് പറഞ്ഞതെന്ന് ആശിഷ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു.കോൺഗ്രസ്സ് കർണാടക ഘടകം ഇതുസംബന്ധിച്ച പരാതി ഡി ജിപി ക്ക് നൽകി
സംഭവത്തെക്കുറിച്ച് അഭ്യന്തര അന്വേഷണം ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്തിന്റെ പൈലറ്റിനെ എയർപോർട്ട് അധികൃതർ ചോദ്യം ചെയ്തതായാണ് വിവരം. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓട്ടോ പൈലറ്റ് മോഡിൽ നിന്നും മാനുവൽ മോഡിലേക്ക് മാറ്റിയപ്പോൾ വന്ന പ്രശ്നങ്ങളാവാം വിമാനത്തിൽ അസാധാരണകുലുക്കത്തിന് കാരണമെന്നും ഡിജിസിഎ അറിയിച്ചു.