വിദ്യാര്‍ഥിനികളെ അധ്യാപിക അനാശ്യാസത്തിന് പ്രേരിപ്പിച്ച സംഭവം: ആരോപണങ്ങളെ തള്ളി ഗവര്‍ണര്‍
തമിഴ് നാട്ടിലെ സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണറുമായി തനിക്ക് നല്ല ബന്ധമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയാണ് നിങ്ങളോട് സംസാരിയ്ക്കുന്നതെന്നും അധ്യാപിക വിദ്യാര്‍ഥികളോട് പറയുന്നുണ്ട്.
ചെന്നൈ :തമിഴ്നാട്ടിലെ വിരുദുനഗര്‍ ദേവാംഗ കോളജില്‍ അധ്യാപിക, വിദ്യാര്‍ഥിനികളെ അനാശ്യാസത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍, തനിക്കെതിരായ ആരോപണങ്ങളെ തളളി ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. അധ്യാപികയെ ഇതുവരെ കണ്ടിട്ടുപോലുമില്ല. സംഭവത്തില്‍ അന്വേഷണത്തിനായി ഏകാംഗ കമ്മിഷനെ നിയോഗിച്ചുവെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോളജിലെ അസിസ്റ്റന്റ് പ്രഫ. നിര്‍മലാ ദേവിയാണ് നാല് വിദ്യാര്‍ഥികളെ അനാശ്യാസത്തിന് പ്രേരിപ്പിച്ചത്. കുട്ടികള്‍ ഓഡിയോ ക്ളിപ്പ് പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണറുമായി തനിക്ക് നല്ല ബന്ധമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയാണ് നിങ്ങളോട് സംസാരിയ്ക്കുന്നതെന്നും അധ്യാപിക വിദ്യാര്‍ഥികളോട് പറയുന്നുണ്ട്. എന്നാല്‍, ഈ അധ്യാപികയുമായി ഒരു ബന്ധവും ഇല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
റിട്ടയേര്‍ഡ് ഐഎഎസ് ഓഫിസറായ ആര്‍. സന്താനമാണ് കേസ് അന്വേഷിയ്ക്കുക. മുപ്പതിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കും. വേണമെങ്കില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിയ്ക്കും. മുഴുവന്‍ സര്‍വകലാശാലകളിലും കൂടുതല്‍ ശ്രദ്ധയുണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു
സംഭവത്തില്‍ ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കോളജില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലും പ്രക്ഷോഭം നടക്കുന്നു. അറസ്റ്റിലായ അധ്യാപികയെ ജുഡീഷ്യല്‍ കസ്റ്റിഡിയില്‍ വിട്ടു. ക്രൈംബ്രാഞ്ച് സിഐഡി വിഭാഗമാണ് നിലവില്‍ കേസ് അന്വേഷിയ്ക്കുന്നത്.