വിദേശി ലേവി പിൻവലിക്കില്ല സൗദി
രാജ്യത്തു ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ചുമത്തുന്ന ലെവി പിന്‍വലിക്കില്ലെന്ന് സൗദി വ്യക്തമാക്കി . എണ്ണ വില തകർച്ചയും സാമ്പത്തിക പരിഷ്‍കാരങ്ങളും തമ്മില്‍ ബന്ധമില്ലെന്നും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദആന്‍ പറഞ്ഞു
വിദേശ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പുതിയ ലെവി പിന്‍വലിക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ല . ലെവി ഉള്‍പ്പെടെ സാമ്പത്തിക പരിഷ്‍കരണ പദ്ധതികളെ കുറിച്ചൊന്നും പുനരാലോചന ഇല്ലെന്നു അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. തീരുമാനിച്ച പദ്ധതികള്‍ ദീര്‍ഘകാലം നടപ്പിലാക്കുക തന്നെ ചെയ്യും. സാമ്പത്തിക പരിഷ്‍കാരങ്ങള്‍ക്ക് എണ്ണ വില തകര്‍ച്ചയുമായി ഒരു ബന്ധവുമില്ലെന്നും മുഹമ്മദ് അല്‍ ജദആന്‍ കൂട്ടിച്ചേർത്തു
ഫാമിലി വിസയില്‍ ഉള്ളവര്‍ക്ക് കഴിഞ്ഞ ജൂണ്‍ മുതലും വിദേശ തൊഴിലാളികള്‍ക്ക് ഈ വര്‍ഷം ആദ്യം മുതലുമാണ് സൗദിയില്‍ ലെവി പ്രാബല്യത്തില്‍ വന്നത്. കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാല്‍ ലെവി പിന്‍വലിക്കണമെന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം നൂറു റിയാലാണ് ആദ്യ വര്‍ഷം ഈടാക്കുന്ന ലെവി. സൗദി തൊഴിലാളികളുടെ എണ്ണം പകുതിയില്‍ കുറവുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രതിമാസം നാനൂറ് റിയാല്‍ വീതവും പകുതിയില്‍ കൂടുതല്‍ സൌദികള്‍ ഉള്ള സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് മുന്നൂറു റിയാല്‍ വീതവും ലെവി അടയ്‍ക്കണം. 2020 വരെ ഓരോ വര്‍ഷവും ലെവി വര്‍ധിച്ചു കൊണ്ടിരിക്കും. ലെവി താങ്ങാനാകാതെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശികള്‍ ഇതിനകം സൗദിയില്‍ നിന്നും മടങ്ങി.ഇത് സൗദി തൊഴിൽ മേഖലയിൽ വലിയ പ്രത്യഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് .