വരാപ്പുഴ കസ്റ്റഡി മരണം : എ വി ജോര്‍ജിനെ ചോദ്യം ചെയ്തു.

0

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്തു. ഐജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എ വി ജോര്‍‌ജിനെ ചോദ്യം ചെയ്തത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം എ വി ജോര്‍ജ് നടത്തിയ ഇടപെടലിനെക്കുറിച്ചാണ് അന്വേഷണ സംഘം വ്യക്തത തേടിയത്.

വരാപ്പുഴ ദേവസ്വംപാടത്തെ വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടര്‍ന്ന് എ വി ജോര്‍ജ് നടത്തിയ ഇടപെടലുകളെക്കുറിച്ചാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തത തേടിയത്. പ്രദേശത്ത് ക്രമസമാധാനപാലനത്തിനായി കൂടുതല്‍ പൊലീസുകാരുടെ സേവനം ഉറപ്പുവരുത്തുക മാത്രമാണ് ചെയ്തതെന്ന് എ വി ജോര്‍ജ് അന്വേഷണ സംഘത്തെ അറിയിച്ചു. പറവൂര്‍ സിഐക്കും മുനമ്പം, കിഴക്കേക്കര എസ്ഐമാര്‍ക്കും പ്രാഥമിക നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തത്. കേസ് രേഖകളുടെ വിശദാംശങ്ങള്‍ ആ സമയത്ത് അന്വേഷിച്ചിരുന്നില്ലെന്നും എ വി ജോര്‍ജ് അറിയിച്ചു.

റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് കേസിലെ അ‍ഞ്ചാം പ്രതിയായ പറവൂര്‍ സിഐ ക്രിസ്പിന്‍ സാം മൊഴി നല്‍കിയിരുന്നു. നിലവില്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ മാത്രം തെളിവുകള്‍ എ വി ജോര്‍ജിനെതിരെ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍ ആര്‍ടിഎഫിന്റെ രൂപീകരണത്തില്‍ ചട്ടലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ വകുപ്പുതല നടപടിയാണ് ഉണ്ടാവേണ്ടതെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു.

അതേസമയം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി പരിഗണിക്കാനായി മാറ്റി. കേസിലെ നാലാം പ്രതി എസ്ഐ ദീപക്കിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വിശദീകരണം തേടി. ജാമ്യാപേക്ഷ കോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.

You might also like

-