വധശിക്ഷ ഭരണഘടനാ വിരുദ്ധമെന്ന് വാഷിംഗ്ടണ്‍ സുപ്രീംകോടതി
2014 മുതല്‍ വധശിക്ഷക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്ന സംസ്ഥാനം ഇതോടെ വധശിക്ഷ ഒഴിവാക്കിയ സംസ്ഥാനങ്ങളില്‍ ഇരുപതാം സ്ഥാനത്തെത്തി.
വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സംസ്ഥാനത്തു നിലനിന്നിരുന്ന വധശിക്ഷാ നിയമം പൂര്‍ണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് വാഷിംഗ്ടണ്‍ സുപ്രീം കോടതി ഐക്യ കണ്‌ഠേന വിധിച്ചു. വധശിക്ഷ നടപ്പാക്കുന്നതില്‍ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷക്കെതിരെ കോടതി ഉത്തരവിട്ടത്.
ഒക്ടോബര്‍ 11ന് ഉത്തരവ് പുറത്തുവന്നതോടെ വധശിക്ഷ കാത്ത് വാഷിങ്ടന്‍ സംസ്ഥാനത്ത് ജയിലില്‍ കഴിഞ്ഞിരുന്ന എട്ടു പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റിയതായും കോടതിയുടെ ഉത്തരവില്‍ പറയുന്നു.
2014 മുതല്‍ വധശിക്ഷക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്ന സംസ്ഥാനം ഇതോടെ വധശിക്ഷ ഒഴിവാക്കിയ സംസ്ഥാനങ്ങളില്‍ ഇരുപതാം സ്ഥാനത്തെത്തി.വധശിക്ഷക്ക് വിധിക്കപ്പെട്ട അലന്‍ യൂജിന്‍ ഗ്രിഗൊറി എന്ന പ്രതിയുടെ കേസിലാണ് സുപ്രീം കോടതി വിധി. 1996 ല്‍ ജനീന്‍ ഹാര്‍ഷ ഫീല്‍ഡ് (43) എന്ന സ്ത്രീയെ കവര്‍ച്ച ചെയ്തു മാനഭംഗപ്പെടുത്തിയശേഷം വധിച്ചു എന്നതായിരുന്നു ഇയാള്‍ക്കെതിരെയുള്ള കുറ്റം.
വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചു സമരം ചെയ്തിരുന്ന വലിയൊരു വിഭാഗത്തിന്റെ വിജയമാണ് ഇന്നത്തെ വിധിയെന്ന് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ യുഎസ്എ വക്താവ് ക്രിസ്റ്റീന റോത്ത് അവകാശപ്പെട്ടു. അമേരിക്കയിലെ 20 സംസ്ഥാനങ്ങളില്‍ വധശിക്ഷ പൂര്‍ണ്ണമായും ഒഴിവാക്കുകയും മൂന്ന് സംസ്ഥാനങ്ങളില്‍ മൊറൊട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.