ലോക്സഭയിൽ ബിജെപി എംപിമാരുടെ എണ്ണം 272 ആയി കുറഞ്ഞു
ന്യൂഡൽഹി: ലോക്സഭയിലെ ബിജെപി എംപിമാരുടെ എണ്ണം 272 ആയി ചുരുങ്ങി. 2014ൽ ബിജെപി അധികാരത്തിലെത്തുന്പോൾ പാർട്ടി എംപിമാരുടെ എണ്ണം 282 ആയിരുന്നു. ഇതാണ് ഇപ്പോൾ ചുരുങ്ങി ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം എന്ന നിലയിൽ 272ൽ എത്തിനിൽക്കുന്നത്. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ഒഴികെയുള്ളവരുടെ എണ്ണമാണിത്. ഇതിൽതന്നെ ബിജെപി എംപി കീർത്തി ആസാദിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്. മറ്റൊരു എംപി ശത്രുഘ്നൻ സിൻഹ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ രൂക്ഷവിമർശനങ്ങൾ നടത്തി വിമതവഴിയിലുമാണ്.
കർണാടകയിൽ എംഎൽഎമാരായി ബി.എസ്. യെദിയൂരപ്പയും ബി. ശ്രീരാമലുവും സത്യപ്രതിജ്ഞ ചെയ്യുകയും ലോക്സഭാ സ്പീക്കർ ഇവരുടെ രാജി സ്വീകരിക്കുകയും ചെയ്യുന്നതോടെയാണ് ബിജെപിയുടെ അംഗസംഖ്യ ഗണ്യമായി കുറയുന്നത്. ഇതിനു പുറമേ മഹാരാഷ്ട്രയിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ ഉൾപ്പടെ നാലു മണ്ഡലങ്ങളിൽ മേയ് 28ന് ഉപതെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ മണ്ഡലങ്ങളിൽ കോണ്ഗ്രസ്-എൻസിപി സഖ്യമാണ് ബിജെപിക്കു ഭീഷണി.
മഹാരാഷ്ട്രയിൽ ബിജെപി എംപിയായിരുന്ന നാന പട്ടോലെ രാജിവച്ച ഭണ്ഡാര-ഗോണ്ടിയ മണ്ഡലത്തിലും, ബിജെപി എംപിയായിരുന്ന സി. വാങ്കയുടെ മരണത്തെത്തുടർന്ന് പാൽഘർ മണ്ഡലത്തിലുമാണ്് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഉത്തർപ്രദേശിലെ കൈറാനയിൽ ബിജെപി എംപിയുടെ മരണത്തത്തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മറ്റു പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ ആർഎൽഡി വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ഇതിനു പുറമേ നാഗാലാൻഡിലും ഉപതെരഞ്ഞെടുപ്പു നടക്കുന്നുണ്ട്.
എന്നാൽ, എംപിമാരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് നരേന്ദ്ര മോദി സർക്കാരിനെ ന്യൂനപക്ഷം എന്ന അവസ്ഥയിലേക്കെത്തിക്കുന്നില്ല. ബിജെപിക്കും എൻഎഡി സഖ്യകക്ഷികൾക്കുമായി സഭയിൽ ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷമുണ്ട്. വിവിധ ലോക്സഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പരാജയം നേരിട്ടതാണ് ബിജെപിയുടെ ലോക്സഭയിലെ അംഗസംഖ്യ കുറയാനുണ്ടായ ഒരു കാരണം.
ലോക്സഭയിൽ സ്വന്തം പാർട്ടി അംഗങ്ങളുടെ എണ്ണം കുറഞ്ഞത് സഭയ്ക്കുള്ളിൽ സഖ്യകക്ഷികളോടു വിധേയപ്പെട്ടു നിൽക്കാൻ ബിജെപിയെ നിർബന്ധിതമാക്കും. സഖ്യകക്ഷികളിൽ ശിവസേന ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരേ രൂക്ഷവിമർശനങ്ങൾ നടത്തുന്നുമുണ്ട്. പാർട്ടിയിൽനിന്ന് ഇടഞ്ഞുനിൽക്കുന്ന കീർത്തി ആസാദിനെ പോലുള്ള എംപിമാരെ അനുനയിപ്പിച്ചു കൂടെ നിർത്തേണ്ടിയും വരും.
ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികൾ ചൂണ്ടിക്കാണിച്ചതോടെതന്നെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തതെന്നും ബിജെപി പാർലമെന്ററി യോഗങ്ങളിലേക്കു വിളിക്കാതായെന്നുമാണ് കീർത്തി ആസാദ് പറയുന്നത്.