തിരുവനന്തപുരം: ലിത്വനിയ സ്വദേശി ലിഗയുടെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് സഹോദരി എലിസ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുമെന്ന് സഹോദരി പറഞ്ഞു. ലിഗയുടേത് കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. കേസ് തെളിയും വരെ ഇന്ത്യയിൽ തുടരുമെന്നും എലിസ പറഞ്ഞു.
ശനിയാഴ്ച തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ലിഗയുടെ തലമുടി, വസ്ത്രങ്ങൾ, ശരീരത്തിലെ തിരിച്ചറിയൽ പാടുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത് ലിഗയാണെന്നു സ്ഥിരീകരിച്ചത്.
വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തൻകോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിയ ലിഗയെ ഒരു മാസം മുൻപാണ് കാണാതായത്. പോത്തൻകോട്ടുനിന്നു ലിഗ ഓട്ടോറിക്ഷയിൽ കോവളത്തെത്തിയിരുന്നുവെന്നു പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് ഇവരെക്കുറിച്ചു വിവരമൊന്നും ലഭിച്ചിരുന്നില്ല.