യെദുരപ്പ ശനിയാഴ്ച്ച ഭൂരിപക്ഷം തെളിക്കണം സുപ്രിമേ കോടതി

0

ഡൽഹി: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിൽ സുപ്രീംകോടതി ഒരു പോംവഴി നിർദ്ദേശിച്ചു. സത്യപ്രതിജ്ഞ ചെയ്ത ബി.എസ്.യെദിയൂരപ്പ ശനിയാഴ്ച വൈകിട്ട് നാലിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കട്ടെ എന്ന സുപ്രധാന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്..“ഏറ്റവും നല്ലത് സഭ തീരുമാനിക്കുന്നതാണ്” സുപ്രീം കോടതി വിധിച്ചു. ഏഴു ദിവസം ചോദിച്ച മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പക്ക് 15 ദിവസം നൽകിയ ഗവർണ്ണർ വജുഭായ് വാലയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടു നാളെ വൈകിട്ട് 4 മണിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ യദ്യൂരപ്പയോട് നിർദേശിച്ചു

യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയും ഗവർണറുടെ നിലപാടും ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. ജ​​​​സ്റ്റീ​​​​സുമാരായ എ.​​​​കെ. സി​​​ക്രി, അ​​​​ശോ​​​​ക് ഭൂ​​​​ഷ​​​​ൺ, എ​​​​സ്.​​​​എ.​​​​ബോ​​​​ബ്ഡെ​​​​ എന്നിവരുൾപ്പെട്ട ബെഞ്ചാണ് രാജ്യം ശ്രദ്ധിച്ച വിധി പ്രസ്താവിച്ചത്.

യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് റദ്ദാക്കിയില്ല എന്നത് മാത്രമാണ് ബിജെപിക്കുണ്ടായ ഏക ആശ്വാസം. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം പരമാവധി നീട്ടിയെടുക്കാനുള്ള ബിജെപി അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയുടെ ശ്രമം ഒന്നും കോടതിയിൽ വിലപ്പോയില്ല.

ഭൂരിപക്ഷം ശനിയാഴ്ച തെളിയിക്കാൻ കഴിയുമോ എന്ന് കോടതി ആദ്യം ചോദിച്ചപ്പോൾ എതിർക്കാതിരുന്ന ബിജെപി, ഒടുവിൽ തിങ്കളാഴ്ച വരെയെങ്കിലും സമയം നൽകണമെന്ന് അപേക്ഷിച്ചു. എന്നാൽ കോടതി ഇക്കാര്യവും പരിഗണിച്ചില്ല. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് വേണമെന്ന് കേന്ദ്ര സർക്കാരിന്‍റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.

സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നത് വരെ സുപ്രധാനമായ ഒരു തീരുമാനവും എടുക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറായി നിയോഗിക്കണമെന്നും എംഎൽഎമാർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ എല്ലാ സൗകര്യവും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

അധികാരമേറ്റയുടൻ പോലീസ് തലപ്പത്തും സുപ്രധാന സ്ഥാനങ്ങളിലും അടുപ്പക്കാരെ നിയോഗിച്ച യെദിയൂരപ്പയുടെ നടപടിക്ക് കോടതി ഉത്തരവ് തിരിച്ചടിയായി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളിയ സുപ്രധാന തീരുമാനവും യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നു.

അന്പത് മിനിറ്റ് നീണ്ട ശക്തമായ വാദമാണ് സുപ്രീംകോടതിയിൽ നടത്തത്. യെദിയൂരപ്പയ്ക്ക് വേണ്ടി മുകുൾ റോഹ്ത്തഗിയും കോണ്‍ഗ്രസിന് വേണ്ടി അഭിഷേക് മനു സിംഗ്‌വിയും ആദ്യ ഘട്ടത്തിൽ വാദങ്ങൾ നിരത്തി. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് യെദിയൂരപ്പ ഗവർണർക്ക് നൽകിയ കത്ത് ഹാജരാക്കാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. അതിനാൽ രാവിലെ വാദം തുടങ്ങിയപ്പോൾ തന്നെ യെദിയൂരപ്പ ഗവർണർക്ക് നൽകിയ രണ്ടും കത്തും മുകുൾ റോഹ്ത്തഗി കോടതിക്ക് സമർപ്പിച്ചു. കത്തിന്‍റെ ഉള്ളടക്കം വായിച്ചുകൊണ്ടാണ് അദ്ദേഹം കത്ത് കോടതിക്ക് നൽകിയത്. തുടർന്ന് കത്തിന്‍റെ പകർപ്പ് എതിർ കക്ഷികൾക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു.

ആവശ്യമായ ഭൂരിപക്ഷം ബിജെപിക്കുണ്ടെന്നും കോണ്‍ഗ്രസിലെയും ജെഡിഎസിലെയും പല എംഎൽഎമാരും ബിജെപി സർക്കാരിന് അനുകൂലമാണെന്നും റോഹ്ത്തഗി വാദിച്ചു. തുടർന്നാണ് ഭൂരിപക്ഷം ശനിയാഴ്ച തെളിയിക്കാൻ കഴിയുമോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്.

പിന്നാലെ കോണ്‍ഗ്രസിന്‍റെ വാദങ്ങൾ നിരത്തിയ അഭിഷേക് മനു സിംഗ്‌വി ഗവർണറുടെ നടപടിയാണ് ചോദ്യം ചെയ്തത്. എന്നാൽ യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടപടി റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി സൂചന നൽകിയതോടെ കോണ്‍ഗ്രസ് നിലപാട് മാറ്റി. ശനിയാഴ്ച നിയമസഭയിൽ ബജെപി ഭൂരിപക്ഷം തെളിയിക്കട്ടെ എന്ന കോടതി നിർദ്ദേശം കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു.

കുമാരസ്വാമിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ഗവർണറുടെ നടപടി ചോദ്യം ചെയ്യുകയാണ് ആദ്യം ചെയ്തത്. എന്നാൽ കോടതി ഇക്കാര്യം മുഖവിലയ്ക്കെടുക്കാതെ വന്നതോടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കട്ടെ എന്ന നിലപാടിലേക്ക് അദ്ദേഹവും മാറി.

ഇതോടെ തിരിച്ചടി മനസിലാക്കിയ ബിജെപിയുടെ അഭിഭാഷകൻ വിശ്വാസ വോട്ടെടുപ്പ് പരമാവധി നീട്ടാനുള്ള ശ്രമം തുടങ്ങി. തിങ്കളാഴ്ച വരെയെങ്കിലും സമയം അനുവദിക്കണമന്ന് അപേക്ഷിച്ചെങ്കിലും കോടതി ശനിയാഴ്ച തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഉത്തരവിടുകയായിരുന്നു.

You might also like

-