യുഎപിഎ നിയമഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി.

ആകെ എട്ടു പേരാണ് ബില്ലിന് എതിരായി വോട്ടു ചെയ്തത്. കോൺഗ്രസും സിപിഎമ്മും അടക്കമുള്ളവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

0

ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ നിയമഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. ബില്ലിനെതിരെ മുസ്ലിം ലീഗ് വോട്ടു ചെയ്തു. ആകെ എട്ടു പേരാണ് ബില്ലിന് എതിരായി വോട്ടു ചെയ്തത്. കോൺഗ്രസും സിപിഎമ്മും അടക്കമുള്ളവർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സംഘടനകൾക്ക് പുറമേ വ്യക്തികളെയും ഭീകരതയുടെ പേരിൽ കരിമ്പട്ടികയിൽപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജൻസിക്കും സർക്കാറിനും യുഎപിഎ നിയമഭേദഗതി ബിൽ അധികാരം നൽകുന്നുണ്ട്.

ഭീകരപ്രവർത്തനത്തിന്‍റെ പേരിൽ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്‍റെ സഹായമോ ഇടപെടലോ ഇല്ലാതെ എൻഐഎക്ക് കണ്ടുകെട്ടാനുള്ള അനുവാദം നൽകുന്ന വ്യവസ്ഥകളും യുഎപിഎ നിയമഭേദഗതി ബില്ലിലുണ്ട്. ഭീകര പ്രവര്‍ത്തനം സംബന്ധിച്ച കേസുകളിൽ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളവർക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ളവര്‍ക്ക് വിട്ടുകൊടുക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

ഈ നിയമം വിയോജിക്കുന്നവരുടേയും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ വായ മൂടിക്കെട്ടാനാണെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിരപരാധികളായ ആളുകൾ ഈ നിയമം കൊണ്ട് ഉപദ്രവിക്കപ്പെടുമെന്ന ആശങ്ക ആർഎസ്പി അംഗം എൻ കെ പ്രേമചന്ദ്രൻ പ്രകടിപ്പിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് അംഗം മെഹുവ മൊയ്ത്ര, അസദുദ്ദീൻ ഉവൈസി, എൻസിപി അംഗം സുപ്രിയ സുലെ എന്നിവരും ബില്ലിനെ വിമർശിച്ചിരുന്നു.

You might also like

-