മൈക്രോഫിനാൻസ് തട്ടിപ്പ് വെള്ളാപ്പള്ളിക്കും തുഷാറിനും എതിരെ കേസ്സെടുക്കണം :കോടതി
ചെങ്ങന്നൂർ: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർ ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുക്കാൻ ചെങ്ങന്നുർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടു. ഉത്തരവിന്റെ പകർപ്പ് രേഖാമൂലം ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുള്ളതായാണ് വിവരം. ചെങ്ങന്നൂർ ചെറിയനാട് ഇടമുറി എസ്എൻഡിപി ശാഖയിലെ സെക്രട്ടറി സുദർശനന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
ഒരാഴ്ചയ്ക്കു മുന്പ് മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട തട്ടിപ്പിനെ സംബന്ധിച്ച് സുദർശനൻ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾക്ക് ശേഷവും പോലീസ് പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിയിന്മേൽ ചെങ്ങന്നൂർ പോലീസിനോട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.