“മുഖം പൂങ്കുലപോലെ റോഡില്‍ ചിന്നിച്ചിതറും” ടി.പി ചന്ദ്രശേഖരന്റെ മകൻ അഭിനന്ദിന് വധ ഭീക്ഷണി
കോഴിക്കോട് :ടി.പി ചന്ദ്രശേഖരന്റെ മകൻ അഭിനന്ദിന് ഭീഷണിക്കത്ത്. കെ.കെ രമ എം.എൽ.എയുടെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. എ.എൻ ഷംസീറും പി ജയരാജനും പറഞ്ഞിട്ടാണ് ക്വട്ടേഷനെന്ന് കത്തിൽ പറയുന്നു. എൻ വേണുവിന്റെ പരാതിയിൽ വടകര പൊലീസ് കേസെടുത്തു.കോഴിക്കോട്ട് നിന്നാണ് കത്ത് വന്നിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനം. ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനാണ് കത്ത് എഴുതിയിരിക്കുന്നത്. മാധ്യമങ്ങളില്‍ സി.പി.എമ്മിനെതിരെ ചര്‍ച്ചക്ക് ഇറങ്ങിയാല്‍ ടി.പിയെ അന്‍പത്തിയൊന്ന് വെട്ടാണെങ്കില്‍, നൂറ് വെട്ടു വെട്ടി കൊലപ്പെടുത്തുമെന്നാണ് വേണുവിനെ കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ടി.പി ചന്ദ്രശേഖരന്റെയും എം.എല്‍.എ കെ.കെ രമയുടെയും മകന്‍ അഭിനന്ദിനും ഭീഷണിയുണ്ട്.
അഭിനന്ദിന്റെ മുഖം പൂങ്കുലപോലെ റോഡില്‍ ചിന്നിച്ചിതറുമെന്നാണ് കത്തിലുള്ളത്. ജയരാജേട്ടനും ഷംസീറും അറിഞ്ഞിട്ടാണ് തങ്ങള്‍ ഈ ക്വൊട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും കത്തില്‍ പറയുന്നു. ഷംസീര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇനി ആര്‍.എം.പി നേതാക്കളെ കണ്ടുപോകരുതെന്നും ഭീഷണിപ്പെടുത്തുന്നു. പി.ജെ ബോയ്‌സ്, റെഡ് ആര്‍മി എന്നീ പേരുകളിലാണ് കത്ത് എഴുതിയിരിക്കുന്നത്.
അതേസമയം ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനും തന്റെ മകനുമെതിരെ വന്ന ഭീഷണിക്കത്തിന് പിന്നിൽ സി.പി.എം ആണെന്ന് കെ.കെ രമ എം.എൽ.എ. സി.പി.എമ്മിന്റെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേയും ഗുണ്ടാപ്രവർത്തനത്തിനെതിരേയും നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നുണ്ട്. ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്നും സി.പി.എമ്മിന്റെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്നും കെ.കെ രമ വടകരയിൽ പറഞ്ഞു.
തന്റെ മകനെ കത്തിൽ പരാമർശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകൻ രാഷ്ട്രീയത്തിലൊന്നും സജീവമല്ലാത്ത ആളാണ്. ഇത്തരം ഭീഷണിക്കത്തുകൾ മുൻപും നിരന്തരം വന്നിട്ടുണ്ട്, പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ ചൂണ്ടിക്കാട്ടി.കോഴിക്കോട് എസ്.എം സ്ട്രീറ്റിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടേയുള്ള സി.സി.ടി.വി ദൃശ്യങ്ങളും മറ്റും നോക്കിയാൽ കത്തിന് പുറകിൽ ആരാണെന്ന് വ്യക്തമാവും. ഇത് നിസ്സാരമായ കാര്യമല്ല, പരാതി നൽകിയിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിക്കണമെന്നും കെ.കെ രമ പറഞ്ഞു.