മില്ലി മുസ്ലിം ലീഗ് (എംഎംഎൽ)പാർട്ടിയെ യുഎസ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തി.
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദിന്റെ മില്ലി മുസ്ലിം ലീഗ് (എംഎംഎൽ)പാർട്ടിയെ യുഎസ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തി. സയിദ് സ്ഥാപിച്ച ലഷ്കർ ഇ തോയിബ ഭീകരസംഘടനയുടെ രാഷ്ട്രീയവിഭാഗമാണ് മില്ലി മുസ്ലിം ലീഗ്. യുഎസ് ഒരുകോടി ഡോളർ തലയ്ക്കു വിലയിട്ടിട്ടുള്ള ഭീകരനേതാവാണ് ഹാഫീസ് സയിദ്. എംഎംഎല്ലിന്റെ മേധാവി സൈഫുള്ള ഖാലിദ് ഉൾപ്പെടെ ഏഴ് ലഷ്കർ പ്രവർത്തകർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപരോധം പ്രഖ്യാപിച്ചു.
രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്ത് 2018ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എംഎംഎല്ലിന്റെ നീക്കത്തിനു ശക്തമായ തിരിച്ചടിയാണു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നടപടി. ഭീകരപട്ടികയിൽ ഉൾപ്പെട്ട പാർട്ടിക്കു രജിസ്ട്രേഷൻ അനുവദിക്കാൻ പാക് തെരഞ്ഞെടുപ്പു കമ്മീഷൻ മുതിരുമെന്നു കരുതുന്നില്ല.
തെറ്റി ദ്ധാരണവേണ്ട. ഏതു പേരുപയോഗിച്ചാലും ലഷ്കർ ഭീകര സംഘടന തന്നെ. ലഷ്കറിന് രാഷ്ട്രീയ മേൽവിലാസം ലഭിക്കാനുള്ള ഏതു ശ്രമവും പരാജയപ്പെടുത്തുന്നതിനു യുഎസ് പിന്തുണയുണ്ടാവും- സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
സുപ്രീംകോടതി വിധിയെത്തുടർന്നു പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് രാജിവച്ച ഒഴിവിലും മറ്റ് ഇടക്കാല തെരഞ്ഞെടുപ്പുകളിലും എംഎംഎൽ പിന്തുണയുള്ള സ്ഥാനാർഥികൾ മത്സരിച്ചിരുന്നു.
എന്നാൽ പാർട്ടിക്കു ഭീകരസംഘടനയുമായി ബന്ധമുള്ളതിനാൽ രജിസ്ട്രേഷൻ നൽകാനാവില്ലെന്നു 2017 ഒക്ടോബറിൽ പാക് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. പാർട്ടിക്കു രജിസ്ട്രേഷൻ അനുവദിക്കണമെന്നു കഴിഞ്ഞ മാസം ഇസ്ലാമാബാദ് ഹൈക്കോടതി ഇലക്ഷൻ കമ്മീഷനോടു നിർദേശിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോൾ എംഎൽഎല്ലിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള യുഎസ് പ്രഖ്യാപനം വന്നത്. യുഎസ് നടപടിയെക്കുറിച്ചു പാക് ഭരണകൂടം പ്രതികരിച്ചിട്ടില്ല.