മാധ്യമ പ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവം; വാഹനമോടിച്ചത്  ശ്രീറാമാണെന്ന് ദൃക്സാക്ഷികൾ 

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച. കാറില്‍ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നിട്ടും ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. വഫയുടെ രക്തസാമ്പിള്‍ മാത്രമാണ് പരശോധിച്ചത്.

0

തിരുവനന്തപുരം; സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സാക്ഷി മൊഴി. ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറൊടിച്ചിരുന്നതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരായ ഷഫീക്ക്, മണികുട്ടൻ എന്നിവർ വെളിപ്പെടുത്തി.അമിത വേ​ഗതയിലെത്തിയ കാർ റോഡിൽ നിന്ന് തെന്നിമാറി കെ എം ബഷീർ സ‍ഞ്ചരിച്ച ബൈക്കിന് പുറകിൽ ഇടിച്ച് മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കിൽ നിന്ന് എടുത്ത് മാറ്റി തറയിൽ കിടത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബഷീറിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തതായി ഷഫീക്ക് പറഞ്ഞു. വെള്ളയമ്പലത്തിൽ നിന്നും വരുകയായിരുന്നു ശ്രീറാമിന്റെ കാറിന്റെ വേ​ഗത കണ്ട് ഓട്ടോ ഒരുവശത്തായി ഒതുക്കിയാണ് യാത്ര ചെയ്തിരുന്നതെന്നും ഷഫീക്ക് വ്യക്തമാക്കി.

ശ്രീറാം തന്നെയാണ് കാറൊടിച്ചതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ മണികുട്ടൻ പറഞ്ഞു. കാർ അമിതവേ​ഗതയിലാണ് സ‍ഞ്ചരിച്ചിരുന്നതെന്നും ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും മണികുട്ടൻ വ്യക്തമാക്കി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്.

കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോ​ഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് വീഴ്ച വരുത്തി

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച. കാറില്‍ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നിട്ടും ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. വഫയുടെ രക്തസാമ്പിള്‍ മാത്രമാണ് പരശോധിച്ചത്. ഇതു സംബന്ധിച്ച ചോദ്യത്തിന് ശ്രീറാം രക്തപരിശോധനക്ക് വിസമ്മതിച്ചുവെന്നാണ് തിരുവനന്തപുരം റേഞ്ച് ഐജി സഞ്ജയ്കുമാര്‍ ഗുരുദിന്‍ പ്രതികരിച്ചത്. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്നും ഐ.ജി പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ റഫര്‍ ചെയ്തത് മെഡിക്കല്‍ കോളജിലേക്കാണെങ്കിലും ശ്രീറാം സ്വന്തം നിലക്ക് സ്വകാര്യ ആശുപത്രിയിലേക്ക് പോയി. താനല്ല വാഹനമോടിച്ചതെന്ന് ശ്രീറാം പറഞ്ഞു.

You might also like

-