മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി.
എ.സി.പി ഷീൻ തറയിലിനെയാണ് മാറ്റിയത്. പകരം ക്രൈം ബ്രാഞ്ച് എസ്.പി, എ ഷാനവാസിന് ചുമതല നൽകി ഡി.ജി.പി ഉത്തരവിറക്കി.
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി. എ.സി.പി ഷീൻ തറയിലിനെയാണ് മാറ്റിയത്. പകരം ക്രൈം ബ്രാഞ്ച് എസ്.പി, എ ഷാനവാസിന് ചുമതല നൽകി ഡി.ജി.പി ഉത്തരവിറക്കി. എ.സി.പി ഷീൻ തറയിൽ കോടതിയിൽ നൽകിയ വിശദീകരണ റിപ്പോർട്ട് വിവാദമായിരുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിൽ മുഖ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. പകരം അന്വേഷണ സംഘത്തിലെ എസ്.പി എ.ഷാനവാസിനാണ് ഇനി മുഖ്യ അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായ വേളയിലാണ് ഡി.വൈ.എസ്.പി റാങ്കിലെ ഉദ്യോഗസ്ഥനില്‍ നിന്നും ചുമതല എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. മാറ്റം സംബന്ധിച്ച് ഡി.ജി.പിയാണ് ഉത്തരവിറക്കിയത്. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തില്‍ ഡി.വൈ.എസ്.പി ഷീന്‍ തറയില്‍ തുടരും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സഹേബിനാണ് അന്വേഷണത്തിന്റ മേല്‍നോട്ട ചുമതല.
ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ചികിത്സയില്‍ കേസ് ഷീറ്റടക്കമുളള വിശദമായ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡയറി സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും എക്‌സറേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി. സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.