ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിധ യൂണിയനുകള്‍ സംയുക്തമായി റാലി നടത്തിയത്. ആദ്യഘട്ടത്തില്‍ സമാധാനപരമായി നടന്ന റാലി പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധക്കാര്‍ കടകളുടെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും പെട്രോള്‍ ബോംബുകള്‍ എറിയുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു.
ഇരുന്നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖം മൂടി ധരിച്ചെത്തിയ ആളുകളാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. പൊലീസുകാരനുള്‍പ്പെടെ നാല് പേര്‍ക്ക് സംഘര്‍ഷങ്ങളില്‍ പരിക്കുണ്ട്. സംഘര്‍ഷങ്ങളെ അപലപിച്ച് ആഭ്യന്തരമന്ത്രി രംഗത്തെത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ റെയില്‍വേ കമ്പനി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്തെ തൊഴിലാളി യൂണിയനുകള്‍ മൂന്ന് മാസം മീളുന്ന സമരപരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ നടന്ന പ്രതിഷേധറാലിയില്‍ 55,000 ആളുകള്‍ പങ്കെടുത്തെന്നാണ് അനൌദ്യോഗിക കണക്ക്. മാര്‍ച്ചിനെ നേരിടാന്‍ 20,000 പൊലീസിനെ വിന്യസിച്ചിരുന്നു.