ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ പൊലീസ് കമാന്‍ഡോകളും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 15 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മഹാരാഷ്ട്രയില്‍ രണ്ട് സംഭവങ്ങളിലായി ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി. എന്നാല്‍ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
രാജാറാം ഖണ്ട്‌ല എന്ന പ്രദേശത്ത് നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആറുപേരുടെ മൃതദേഹം തിങ്കളാഴ്ച പൊലീസ് കണ്ടെടുത്തിരുന്നു. ഇന്ദ്രാവതി നദിയില്‍ നിന്നാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയത്. ഇവരില്‍ ഏഴ് പുരുഷന്മാരും 8 സ്ത്രീകളുമാണുള്ളത്.കനത്ത മഴ മൂലം മാവോയിസ്റ്റ് വേട്ട അവസാനിപ്പിച്ച് പൊലീസ് മടങ്ങിയതായി സംസ്ഥാനത്തെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന എഡിജിപി ബിപിന്‍ ബിഹാരി പറഞ്ഞു.
പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന നേതാക്കളും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രദേശവാസികളില്‍ നിന്നും ചോര്‍ത്തിക്കിട്ടിയ വിവരമനുസരിച്ചാണ് പൊലീസ് നീങ്ങിയത്. ഞായറാഴ്ച രാവിലെ നക്‌സലുകളെ കണ്ടെത്തുകയും ഏറ്റുമുട്ടല്‍ നടക്കുകയും ചെയ്തു. ഏതാണ്ട് ഒന്നരമണിക്കൂര്‍ നേരം ഏറ്റുമുട്ടല്‍ നീണ്ടുനിന്നതായി പൊലീസ് പറഞ്ഞു.നക്‌സലുകള്‍ക്കിടയില്‍ സംഭവിച്ച ഭിന്നതകളാണ് ഈ ഓപ്പറേഷനെ സഹായിച്ചതെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ സതീഷ് മാത്തൂര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച കീഴടങ്ങല്‍ പദ്ധതിയിലൂടെ കുറെപ്പേരെ കാട്ടില്‍ നിന്നിറക്കി വിവരങ്ങള്‍ ശേഖരിക്കാനായതും സഹായകമായി. സംസ്ഥാനത്ത് കഴിഞ്ഞ 5 വര്‍ഷത്തിനിടെ 605 മാവോവാദികളാണ് കീഴടങ്ങിയത്.