മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് ആറിലേക്ക് മാറ്റി
പാലക്കാട് : അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് ആറിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതിയാണ് 16 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. .
മധുവിനെ വനത്തില്‍ കയറി പിടികൂടി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 16 പ്രതികളാണ് ഉള്ളത്. കൊലപാതകം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, അനുവാദമില്ലാതെ വനത്തില്‍ കടക്കല്‍, മര്‍ദ്ദിച്ച ശേഷം വീഡിയോയും ചിത്രങ്ങളുമെടുത്ത് പ്രചരിപ്പിക്കുക എന്നിങ്ങനെ പ്രധാന ഏഴ് വകുപ്പുകളിലാണ് കേസ്. പ്രതികളുടെ അഭിഭാഷകന്‍ മണ്ണാര്‍ക്കാട് പ്രതേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി അടുത്ത മാസം ആറിന് പരിഗണിക്കും. പട്ടികവര്‍ഗ അതിക്രമ നിരോധന വകുപ്പ് ഉള്ളതിനാല്‍ ഇരയായ വ്യക്തിയുടെ കുടുംബത്തെയും കേട്ട ശേഷം ആവും ജാമ്യക്കാര്യത്തില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുക. അതിനാല്‍ മധുവിന്‍റെ അമ്മയോടും രണ്ട് സഹോദരിമാരോടും ചൊവ്വാഴ്ച ഹാജരാകാനും നിര്‍ദേശമുണ്ട്. അതേസമയം കേന്ദ്ര പട്ടികവര്‍ഗ കമ്മീഷന്‍ ഇന്ന് അട്ടപ്പാടിയിലെത്തി മധുവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചു. മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുമ്പോള്‍ കാഴ്ചക്കാരായി വനം വകുപ്പ് ജീവനക്കാര്‍ നിന്നത് ഏറെ വിമർശനത്തിന് ഇടയായിരുന്നു
മധുവിനെ തിരഞ്ഞ് കാട്ടിലേക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന രണ്ട് ജീപ്പുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു ഒപ്പം പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പൊലീസ് നാളെ പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.