മദ്യപിച്ച് വാഹനമോടിച്ച് ഒരാള്‍ മരിച്ചു; കാര്‍ഡിയോളജിസ്റ്റിന് 17 വര്‍ഷം തടവ്
21,000 ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.
ഒക്‌ലഹോമ : മദ്യപിച്ചു വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസ്സില്‍ ഒക്‌ലഹോമ സിറ്റിയിലെ പ്രസിദ്ധ കാര്‍ഡിയോളജിസ്റ്റായഡോ. ബ്രയാന്‍ പെറിയെ 17 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ഒക്‌ലഹോമ കോടതി വിധിച്ചു. 21,000 ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.
2018 ഒക്ടോബറില്‍ നൈറ്റ് പാര്‍ട്ടിക്കു ശേഷം മേഴ്‌സിഡസ് വാഹനം മദ്യപിച്ചു ലക്കില്ലാതെ ഓടിച്ചു മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തിരുന്ന നിക്കളസ് എന്ന യുവാവിനെ തട്ടിത്തെറിപ്പിക്കുകയും ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയുമായിരുന്നു. കേസില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് മാര്‍ച്ച് 8 ന് കണ്ടെത്തിയിരുന്നു. വിധി പ്രഖ്യാപിച്ചത് മേയ് 21 നാണ്.
വിധി പ്രഖ്യാപിക്കുന്നതിന് മുമ്പു 1992 മുതല്‍ നിരവധി തവണ മദ്യപിച്ചു വാഹന മോടിച്ചതിന് ഡോക്ടര്‍ക്കെതിരെ കേസെടുത്ത രേഖകളും ഹാജരാക്കിയിരുന്നു.ദയ അര്‍ഹിക്കാത്ത കുറ്റമാണ് ഡോക്ടര്‍ ചെയ്തിരിക്കുന്നതെന്നും നിക്കളസ് എന്ന യുവാവിനെ അവരുടെ കുടുംബത്തിനും നാലു വയസ്സുള്ള മകള്‍ക്കും എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തവും ഡോക്ടര്‍ക്കാണ്. ഡിസ്ട്രിക്റ്റ് അറ്റോര്‍ണി വാദമുഖങ്ങള്‍ നിരത്തി സമര്‍ഥിച്ചു.
എന്റെ രണ്ടു മക്കളോടു കൂടെ കഴിയുന്നതിന് അനുവദിക്കണമെന്നും ശിഷ്ട ജീവിതം സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കിടുന്നതിനും മദ്യപാനത്തിനെതിരെ പോരാടുന്നതിനും മാറ്റിവയ്ക്കാമെന്നുമുള്ള ഡോക്ടറുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ കോടതി പരിഗണിച്ചില്ല.