മണിക് സര്‍ക്കാര്‍ രാജിവെച്ചു. ചെങ്കൊടിമഞ്ഞു ഇനി ത്രിപുര കാവിക്ക്
അഗര്‍ത്തല: ത്രിപുരയിലെ രണ്ടു ദശാബ്ദം കടന്ന സിപിഎം ഭരണത്തിന് വിരാമമിട്ട് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് മണിക് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്.
പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയിലുണ്ടാകുമെന്ന് മണിക് സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കും. സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണയും നല്‍കും. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇനിയും ഉന്നയിക്കുമെന്നും മണിക് സര്‍ക്കാര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് സീറ്റ് നേടിയാണ് ബിജെപി-പീപ്ള്‍സ് ഫ്രണ്ട് ഒാഫ് ത്രിപുര (ഐ പിഎഫ്ടി) സഖ്യം സംസ്ഥാന ഭരണം പിടിച്ചത്. തെരഞ്ഞെടുപ്പു നടന്ന 59ല്‍ ബിജെപി 35ഉം െഎ.പിഎഫ്ടി എട്ടും സീറ്റുകള്‍ നേടി. 2013ല്‍ 49 സീറ്റ് നേടിയ സിപിഎം 16 സീറ്റിലൊതുങ്ങിയപ്പോള്‍ 10 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി.
1963ല്‍ രൂപവത്കൃതമായ ത്രിപുര സംസ്ഥാനത്ത് നൃപന് ചക്രവര്‍ത്തി (1978-88), ദശരഥ് ദേബ് (1993-98), മണിക് സര്‍ക്കാര്‍ (1998-2018) എന്നിവരിലൂടെ 35 വര്‍ഷവും സിപിഎമ്മിനായിരുന്നു ഭരണം.