ഭരണഘടനയെ അപമാനിക്കുന്ന പരാമർശങ്ങൾ സജി ചെറിയാൻ നടത്തിയിട്ടില്ലെന്ന് പൊലീസ്
ഭരണകൂടങ്ങൾ ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളി വർഗത്തെ ചൂഷണത്തിന് വിധേയമാക്കുന്നു എന്ന് വിമർശനാത്മകമായി പ്രസംഗിച്ചതാണ്. പരിപാടിയിൽ പങ്കെടുത്തവരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പരാതിക്കാർ ആരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടില്ല.
തിരുവനന്തപുരം | ഭരണഘടനയെ അപമാനിക്കുന്ന പരാമർശങ്ങൾ മുൻ മന്ത്രി സജി ചെറിയാൻ നടത്തിയിട്ടില്ലെന്ന് പൊലീസ്. സജി ചെറിയാനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവല്ല ഡിവൈഎസ്പിയാണ് റിപ്പോർട്ട് സമർപ്പിച്ചത് സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണ്. ഭരണഘടനയെയോ ഭരണഘടനാ ശിൽപ്പികളെയോ അവഹേളിച്ചിട്ടില്ല. അതിനാൽ തന്നെ ഈ കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും റഫര്‍ റിപ്പോർട്ടിൽ പറയുന്നുണ്ട്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി തങ്ങൾക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ടവര്‍ മൊഴി നൽകിയതെന്നും റഫർ റിപ്പോർട്ടിൽ പറയുന്നുണ്ട്. സജി ചെറിയാനെതിരെ തെളിവില്ലെന്ന പേരിൽ തിരുവല്ല കോടതിയിലാണ് കഴിഞ്ഞ ദിവസം പൊലീസ് റിപ്പോർട്ട് നൽകിയത്.
ഭരണകൂടങ്ങൾ ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളി വർഗത്തെ ചൂഷണത്തിന് വിധേയമാക്കുന്നു എന്ന് വിമർശനാത്മകമായി പ്രസംഗിച്ചതാണ്. പരിപാടിയിൽ പങ്കെടുത്തവരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പരാതിക്കാർ ആരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടില്ല. സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങളിലൂടെയും കണ്ട കാര്യങ്ങൾ മാത്രമാണ് പരാതിക്കാർക്ക് അറിയുന്നതെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇക്കഴിഞ്ഞ ആറിനാണ് റിപ്പോർട്ട് സമർപ്പിച്ചത്.2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ വെച്ചാണ് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. തുടര്‍ന്ന് ജൂലൈ ആറിന് സജി ചെറിയാൻ രാജിവെച്ചു. സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണത്താല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്