ലണ്ടന്‍: ബ്രിട്ടനിലെ പ്രാദേശിക കൗൺസിലുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ നാലു മലയാളികള്‍ക്കു വിജയം. ലേബര്‍ പാര്‍ട്ടിക്കാരാണു നാലു പേരും.ന്യൂഹാം വാള് എന്‍ഡ് വാര്‍ഡില്‍ മത്സരിച്ച ഓമന ഗംഗാധരന് 2885 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശിനിയാണ്. ഈസ്റ്റ് ഹാം സെന്‍ട്രല്‍ വാര്‍ഡില്‍ മത്സരിച്ച സുഗതന് തെക്കേപ്പുരയില്‍ 2568 വോട്ടുകള്‍ നേടി വിജയം കരസ്ഥമാക്കി. കോട്ടയം വൈക്കം സ്വദേശിയാണ്. കേംബ്രിജില്‍ ബൈജു തിട്ടാലയും ക്രോയ്ഡോണില്‍ മഞ്ജു ഷാഹുല്‍ ഹമീദും വിജയിച്ചു. കേംബ്രിജിലെ ഈസ്റ്റ് ചെസ്റ്റര്‍ട്ടണ്‍ വാര്‍ഡില്‍ ബൈജു വര്‍ക്കി തിട്ടാല 1107 വോട്ടുകൾ നേടി. കോട്ടയം ആര്‍പ്പൂക്കര സ്വദേശിയാണ്. മുന്‍ ക്രോയ്ഡോണ്‍ മേയറായ മഞ്ജു ഷാഹുല്‍ ഹമീദ് ബ്രോഡ്ഗ്രീന്‍ വാര്‍ഡില്‍ നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സോഫ്റ്റ് വെയര്‍ എൻജിനിയറായ മഞ്ജുതിരുവനന്തപുരം സ്വദേശിനിയാണ് .
അതേസമയം, സ്വിന്ഡന് കൗണ്‍സിലിലേക്കു മത്സരിച്ച റോയി സ്റ്റീഫന്‍ പരാജയപ്പെട്ടു. വാല്‍ക്കോട്ട് ആന്‍ഡ് പാര്‍ക്ക് നോര്‍ത്ത് വാര്‍ഡില്‍ കണ്‍സര്‍വേറ്റീവ് ലേബലില്‍ മത്സരിച്ച റോയി ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയോടാണ് തോറ്റത്. ബേസിംഗ് സ്റ്റോക്ക് കൗണ്‍സിലിലെ ഈസ്ട്രോപ് വാര്‍ഡില്‍ മത്സരിച്ച സജീഷ് ടോമിനും വിജയിക്കാനായില്ല. ലിബറല്‍ ഡെമോക്രാറ്റിന്റെ ഗാവിന് ജയിംസ് 692 വോട്ടോടെ ഇവിടെ ജയിച്ചു. ലേബര്‍ പാനലില്‍ മത്സരിച്ചസജീഷ് ടോം 322 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി.