ബംഗളൂരു: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച വിശ്വാസവോട്ട് നടക്കുന്ന കർണാടകയിൽ മുൻ സ്പീക്കറും ബിജെപി എംഎൽഎയുമായ കെ.ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചു.ഗവർണർ വാജുഭായ് വാല ഇന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ബൊപ്പയ്യ ഗർണർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2008ൽ ബൊപ്പയ്യ പ്രോടെം സ്പീക്കറായിരുന്നു.
അതേസമയം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗവർണർ പ്രോടെം സ്പീക്കറെ നിയമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് പ്രോടെം സ്പീക്കർക്ക് തീരുമാനിക്കാമെന്നും സഭയിലെ മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്നും സുപ്രീംകോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു. എന്നാൽ ഇത് ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് ഗവർണർ ബൊപ്പയ്യയെ നിയമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
വിരാജ്പേടിൽനിന്നുള്ള എംഎൽഎയാണ് ബൊപ്പയ്യ. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തൻകൂടിയാണ് ബൊപ്പയ്യ. 2011ൽ യെദിയൂരപ്പ സർക്കാരിനെതിരെ പിന്തുണ പിൻവലിച്ച 11 എംഎൽഎമാരെ സ്പീക്കറായിരുന്ന ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. ഈ നടപടിയെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.