ബംഗളൂരു: കർണാടകത്തിലെ മലയാളി എംഎൽഎയുടെ മകനും സംഘവും ആഡംബര റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ മർദിച്ച് അവശനാക്കി. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിയും ഇവർ ആക്രമിച്ചു. എൻ.എ ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാടും കൂട്ടാളികളുമാണ് അക്രമം അഴിച്ചുവിട്ടത്. ബംഗളൂരുവിലെ ഡോളേഴ്സ് കോളനിയിലെ വിഡ്വാത്ത് എന്ന യുവാവിനാണ് മർദനം ഏറ്റത്.
ശനിയാഴ്ച രാത്രി 11.30 ന് യുബി സിറ്റിയിലെ ആഡംബര റസ്റ്ററന്റിലായിരുന്നു സംഭവം. കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്ന വിഡ്വാത്തിനോട് ശരിയായി ഇരിക്കാൻ ആവശ്യപ്പെട്ടത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിഡ്വാത്തിനെ മുഹമ്മദ് നാലപ്പാടും കൂട്ടാളികളും മർദിച്ച് അവശനാക്കി. പരിക്കേറ്റ വിഡ്വാത്തിനെ സമീപത്തെ മല്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ പിന്നാലെയെത്തിയ അക്രമി സംഘം വീണ്ടും ഇയാളെ കൈയേറ്റം ചെയ്തു. വിഡ്വാത്തിന്റെ സഹോദരനെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പറയുന്നു. സംഭവത്തിൽ അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു