പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം ഗോരക്ഷാ പ്രവർത്തർ യുവാവിനെ അടിച്ചുകൊന്നു കൊന്നു
സത്ന: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം. മധ്യപ്രദേശിലെ സത്നയിലെ അംഗര്‍ സ്വദേശികളാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. റിയാസ് എന്ന നാല്പ്പത്തഞ്ചുകാരനെയാണ് ബദേര പൊലീസ് സ്റ്റേഷന് പരിധിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റിയാസിനൊപ്പമുണ്ടായിരുന്ന ഷക്കീല്‍ എന്ന യുവാവിനു ഗുരുതരമായി പരിക്കേറ്റു.
റിയാസുള്പ്പെടുന്ന സംഘം കഴിഞ്ഞ ദിവസം രാത്രി പശുവിനെ മേയിച്ചുകൊണ്ടു വരികയായിരുന്നു. അതുവഴി വരികയായിരുന്ന രണ്ടു പേരുടെ ശ്രദ്ധയില്‍ റിയാസും സംഘവുംപ്പെട്ടു. ഇവർ ഒരുകൂട്ടം ആളുകളുമായി എത്തിയപ്പോഴേയ്ക്കും റിയാസിനും ഷക്കീലിനും ഒപ്പമുണ്ടായിരുന്നവര്‍ ഓടിപ്പോയി. തുടർന്ന്, റിയാസിനെയും ഷക്കീലിനെയും സംഘം മര്‍ദിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് പുലര്‍ച്ചെ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും റിയാസ് മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷക്കീലിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രാമവാസികളാണ് റിയാസിനെയും ഷക്കീലിനെയും ആക്രമിച്ചതെന്നും അക്രമി സംഘത്തിലുണ്ടെന്നു കരുതപ്പെടുന്ന അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സത്ന എസ്പി രാജേഷ് ഹിംഗന്കര് അറിയിച്ചു.