പ്രോടെം സ്പീക്കർ നിയമനം കോൺഗ്രസ്സ് കോടതിയിലേക്ക്
ബംഗളൂരു: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച വിശ്വാസവോട്ട് നടക്കുന്ന കർണാടകയിലെ പ്രോടെം സ്പീക്കർ നിയമനത്തിനെതിരെയും കോൺഗ്രസ് നിയമനടപടി ആവശ്യപ്പെട്ടു. മുൻ സ്പീക്കറും ബിജെപി എംഎൽഎയുമായ കെ.ജി. ബൊപ്പയ്യയെ പ്രോടെം സ്പീക്കർ ആയി നിയമിച്ചതിനെതിരെയാണ് കോൺഗ്രസ് ഹർജി നൽകിയത്.
നിയമനത്തിന് പിന്നാലെ തന്നെ ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗവർണർ പ്രോടെം സ്പീക്കറെ നിയമിച്ചതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വീണ്ടും പരമോന്നത നീതിപീഠത്തെ സമീപിച്ചത്. പക്ഷപാതം കാട്ടിയതിന് കോടതി മുൻപ് വിമർശിച്ചയാളാണ് ബൊപ്പയ്യ എന്നാണ് ഹർജിയിലെ പ്രധാന വിമർശനം. മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കർ ആക്കണമെന്ന് മാത്രമായിരുന്നു കോടതിയുടെ ഉത്തരവെന്നും അങ്ങനെയെങ്കിൽ കോൺഗ്രസിന്റെ പ്രതിനിധിയായ സഭയിലെ ഏറ്റവും പ്രായംകൂടിയ അംഗം ആർ.വി.ദേശ് പാണ്ഡെയാണ് നിയമിതനാകേണ്ടതെന്നും കോൺഗ്രസ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
അതിനിടെ, കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് പ്രോടെം സ്പീക്കർക്ക് തീരുമാനിക്കാമെന്നും സഭയിലെ മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്നും സുപ്രീംകോടതി വാക്കാൽ പരാമർശിച്ചിരുന്നുവെന്നും ഇത് ഉത്തരവിൽ ഉൾപ്പെടുത്താതിരുന്നതോടെയാണ് ഗവർണർ, ബൊപ്പയ്യയെ നിയമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
വിരാജ്പേടിൽനിന്നുള്ള എംഎൽഎയാണ് ബൊപ്പയ്യ. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തൻകൂടിയാണ് അദ്ദേഹം. 2011ൽ യെദിയൂരപ്പ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച 11 എംഎൽഎമാരെ സ്പീക്കറായിരുന്ന ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. ഈ നടപടിയെയാണ് സുപ്രീംകോടതി അന്ന് ചോദ്യം ചെയ്തത്.