പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയ കോടതി വിധി അനുസരിക്കുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല

യുജിസി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മറുപടി നല്‍കിയിരുന്നെങ്കില്‍ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. അപേക്ഷകള്‍ ഒരിക്കല്‍ കൂടി പരിശോധിക്കണമെന്ന് കോടതി പറഞ്ഞിരുന്നു

0

കണ്ണൂര്‍ | പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയ കോടതി വിധി അനുസരിക്കുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. കോടതി പറഞ്ഞിരിക്കുന്നത് പോലെ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കും. ഹൈക്കോടതി വിധിക്കെതിരെ സര്‍വ്വകലാശാല അപ്പീല്‍ നല്‍കില്ല. വിധിയിലെ തുടര്‍ നടപടി സംബന്ധിച്ച് നിയമോപദേശം തേടുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമോപദേശം തേടിയിരുന്നു. യോഗ്യത സംബന്ധിച്ച് യുജിസിയോടും വ്യക്തത തേടി. യുജിസി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മറുപടി നല്‍കിയിരുന്നെങ്കില്‍ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. അപേക്ഷകള്‍ ഒരിക്കല്‍ കൂടി പരിശോധിക്കണമെന്ന് കോടതി പറഞ്ഞിരുന്നു. ഒരിക്കല്‍ കൂടി സ്ക്രീന്‍ ചെയ്ത് റാങ്ക് ലിസ്റ്റ് സിന്‍ഡിക്കേറ്റിന് മുന്നില്‍ വെക്കുമെന്നും വിസി പറഞ്ഞു.

പ്രിന്‍സിപ്പല്‍ നിയമനങ്ങളെ അടക്കം ബാധിക്കുന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ സര്‍വ്വകലാശാലകളേയും ബാധിക്കുന്ന വിധിയാണിതെന്നും ഗോപിനാഥ് രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.നിയമന നടപടികള്‍ക്കായുള്ള സ്‌ക്രീനിംഗിനും സെലക്ഷന്‍ കമ്മിറ്റികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പ്രിയ വര്‍ഗീസിന് യഥാര്‍ത്ഥ അധ്യാപന പരിചയമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. യുജിസിയുടെ നിബന്ധനകള്‍ക്കപ്പുറം പോകാന്‍ കോടതിക്ക് കഴിയില്ല. യുജിസി റെഗുലേഷന്‍ ആണ് പ്രധാനം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടികാട്ടി.

You might also like

-