പ്രതിസന്ധികളുടെ മധ്യേ ഇറങ്ങി വരുന്ന വിശ്വസ്ത സ്നേഹിതനാണ് ദൈവം, വീയപുരം ജോർജ് കുട്ടി
ഡാളസ്:- ജീവിതത്തിൽ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ നമ്മെ തനിയെ വിടാതെ പ്രതിസന്ധികളുടെ മധ്യേ നമ്മോടൊപ്പം ഇറങ്ങി വരുന്ന വിശ്വസ്ത സ്നേഹിതനാണ് ദൈവമെന്ന് പ്രമുഖ ദൈവ വചന പണ്ഡിതനും സുവിശേഷ പ്രസംഗകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പാസ്റ്റർ വീയപുരം ജോർജ്ജുകുട്ടി പറഞ്ഞു.
ഏപ്രിൽ 20 തിങ്കളാഴ്ച വൈകിട്ട് ഡാളസ് സിറ്റി വൈഡ് പ്രെയർ ഫെലോഷിപ്പ് സംഘടിപ്പിച്ച പ്രെയർ ലൈനിൽ യേശയ്യാവ് 6 ന്റെ 1 മുതൽ 8 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി വചന ശുശ്രൂഷ നിർവഹിക്കുകയായിരുന്നു വീയപുരം .
ഉസ്സിയാ രാജാവ് മരിച്ച അണ്ടിൽ യെശയ്യാ പ്രവാചകനുണ്ടായ സ്വർഗീയ ദർശനത്തെ തുടർന്ന് താൻ ആയിരിക്കുന്ന അവസ്ഥ എപ്രകാരമാണെന്ന് മനസിലാക്കുന്നതിന് അകൃത്യം നീങ്ങി പാപത്തിന് പരിഹാരം വരുത്തി ദൈവകരങ്ങളിൽ തന്നെത്തന്നെ സമർപ്പിക്കുന്നതിന് പ്രവാചകന് ഇടയായതായി ജോർജ്ജ് കുട്ടി പറഞ്ഞു.
ജീവിത വിശുദ്ധിയെ മനുഷ്യന്റെ വിശുദ്ധിയുമായല്ല മറിച്ചു പരിശുദ്ധനായ ദൈവത്തിന്റെ വിശുദ്ധിയുമായാണ് തുലനം ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.എന്നാൽ മാത്രമേ നമ്മുടെ കുറവുകളെ കണ്ടെത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ലോകം അഭിമുഖീകരിക്കുന്ന മഹാമാരി കണ്ടു പകച്ചു നിൽക്കാതെ, ഈ വലിയ പ്രതിസന്ധിയെ അതിജീവിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും നമ്മുടെ മദ്ധ്യേ ഇറങ്ങി വരുന്ന ദൈവത്തെ നമ്മുടെ വിശ്വാസ കണ്ണാൽ നാം കാണേണ്ടിയിരിക്കുന്നു.
അവൻ നിശ്ചലനായിരിക്കുന്ന ദൈവമല്ല, ജീവിക്കുന്ന, ഇന്നും ചലിച്ചുകൊണ്ടിരിക്കുന്ന അവങ്കലേക്ക് നോക്കിയവരുടെ മുഖം വാടാതെ സൂക്ഷിക്കുന്ന ദൈവമാണെന്നും വിയാ പുരം പറഞ്ഞു.പാസ്റ്റർ സാലു ദാനിയേൽ പാസ്റ്റർ മാത്യു ശാമുവേൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.