പൊലീസ് വെടിവയ്പില്‍ അരയ്ക്കു താഴെ തളര്‍ന്ന ചെറുപ്പക്കാരന് 6 മില്യന്‍ നഷ്ടപരിഹാരം
ഇതില്‍ 3.4 മില്യണ്‍ ജീവിത ചിലവിനും അറ്റോര്‍ണി ഫീസായി 1.1 മില്യണും, മെഡിക്കല്‍ ബില്ലിനു 2.5 മില്യന്‍ ഡോളറുമാണ് ചിലവഴിക്കുക.
ഫ്‌ളോറിഡ: ചെറുപ്പക്കാരന്റെ കൈയിലിരുന്ന സെല്‍ഫോണ്‍ തോക്കാണെന്നു തെറ്റിധരിച്ചതിനെ തുടര്‍ന്ന് ഷെറിഫ് ഡെപ്യൂട്ടി നാലു തവണ വെടിവെച്ചതിനെ തുടര്‍ന്ന് മാരകമായി പരുക്കേല്‍ക്കുകയും അരയ്ക്കു താഴെ പൂര്‍ണ്ണമായും തളര്‍ച്ച ബാധിക്കുകയും ചെയ്ത ഡോണ്‍ട്രല്‍ സ്റ്റീഫന് 6 മില്യണ്‍ ഡോളര്‍ അനുവദിച്ചുകൊണ്ടുള്ള ബില്ലില്‍ ഫ്‌ലോറിഡാ ഗവര്‍ണര്‍ റോണ്‍ ഡിസെയ്ന്റ്‌സ് ഒപ്പുവച്ചു.
2013 ല്‍ നടന്ന ഷൂട്ടിങ്ങിലാണു കറുത്ത വര്‍ഗ്ഗക്കാരനായ ചെറുപ്പക്കാരന് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടത്. ഇത്തരം കേസ്സുകളില്‍ ഏറ്റവും കൂടുതല്‍ 200,000 ഡോളര്‍ നല്‍കിയാല്‍ മതി എന്ന നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമ നിര്‍മാണം ഫ്‌ലോറിഡാ ലജിസ്‌ലേച്ചര്‍ അംഗീകരിച്ചത്.
2016 ല്‍ ഫെഡറല്‍ ജൂറി 22 മില്യണ്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സംഭവത്തില്‍ ഉള്‍പ്പെട്ട ഡെപ്യൂട്ടിയോടു ആവശ്യപ്പെട്ടിരുന്നു. ആദ്യം ആവശ്യം നിരാകരിച്ചുവെങ്കിലും പിന്നീട് നടന്ന ചര്‍ച്ചയില്‍ പാം ബീച്ച് ഷെറിഫ് 4.5 മില്യണ്‍ ഡോളര്‍ നല്‍കുന്നതിന് സമ്മതിച്ചിരുന്നു. റിപ്പബ്ലിക്കന് ഭൂരിപക്ഷമുള്ള ലജിസ്ലേച്ചറാണ് 6 മില്യണ്‍ ഡോളര്‍ അനുവദിച്ചത്.
ഇതില്‍ 3.4 മില്യണ്‍ ജീവിത ചിലവിനും അറ്റോര്‍ണി ഫീസായി 1.1 മില്യണും, മെഡിക്കല്‍ ബില്ലിനു 2.5 മില്യന്‍ ഡോളറുമാണ് ചിലവഴിക്കുക.
തിരക്കുപിടിച്ച റോഡിലൂടെ സൈക്കിള്‍ ഓടിച്ചിരുന്ന സ്റ്റീഫന്‍ ഡെപ്യൂട്ടി ആഡംസ് ലിനിന്റെ പെട്രോള്‍ കാറിനു നേരെ നടന്നടുക്കുന്നതു കണ്ടാണ് ഡെപ്യൂട്ടി നിറയൊഴിച്ചത്. സ്റ്റിഫന്റെ കയ്യിലുണ്ടായിരുന്ന സെല്‍ഫോണ്‍ തോക്കാണെന്ന് ഡെപ്യൂട്ടി തെറ്റിദ്ധരിച്ചതാണ് വെടിവയ്പിലേക്കു നയിച്ചത്. വെടിയേറ്റ് നിലത്തു വീണ സ്റ്റീഫനു ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ ഡെപ്യൂട്ടിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.