പൊന്തൻപുഴ ഭൂമിവിവാദം :കേരള കോൺഗ്രസിനെതിരെ കാനത്തിന്റെ വക്കീൽ നോട്ടീസ്
കോട്ടയം: പൊന്തന്‍പുഴ ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിയമനടപടികള്‍ ആരംഭിച്ചു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് പൊതുസമൂഹത്തില്‍ പാര്‍ട്ടിയേയും സംസ്ഥാന സെക്രട്ടറിയായ തന്നെയും അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് കേരളാ കോണ്‍ഗ്രസ്സ്(എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗം നടത്തിയത്.സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ആദ്യദിവസം രാവിലെ ഇത്തരം വ്യാജ ആരോപണം ഉന്നയിച്ചത് പൊതുസമൂഹത്തില്‍ തന്നെയും അഴിമതിക്കെതിരായ തന്റെ നിലപാടുകളെയും ഇകഴ്ത്തിക്കാട്ടുന്നതിനള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു.15 ദിവസത്തിനികം ആരോപണം പിന്‍വലിച്ച് പരസ്യക്ഷമാപണം നടത്തണമെന്ന് വക്കീല്‍ നോട്ടീസില്‍ കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. 10 കോടി രൂപ മാനഹാനിക്ക് പരിഹാരമായും നല്‍കണം.
പൊന്തന്‍പുഴ ഭൂമിയിടപാടു സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ ഏഴ് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും അതില്‍ കാനം രാജേന്ദ്രനും വനംവകുപ്പിനും പങ്കുണ്ടെന്നുമായിരുന്നു സ്റ്റീഫന്‍ ജോര്‍ജിന്റെ ആരോപണം. പൊന്തന്‍പുഴ വനം മേഖല ഇഎഫ്എല്‍ പരിധിയില്‍ ഉള്‍പ്പെടുന്നതും സര്‍ക്കാരില്‍ നിക്ഷ്പിതവുമാണ്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിട്ടുമുള്ളതാണ്.
പ്രമുഖ അഭിഭാഷകന്‍ അഡ്വ. വി ബി ബിനു മുഖേനയാണ് വക്കീല്‍ നോട്ടീസ് നല്‍കിയിത്.