പിഡിപി -ബിജെപി ബന്ധം ഉലയുന്നു ?നിർണായക പിഡിപി യോഗം ഇന്ന്

0

ഡൽഹി :   കത്‍വ പീഡനക്കേസില്‍ പ്രതിഷേധം ശക്തമായതോടെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിളിച്ചു ചേര്‍ത്ത പിഡിപി ഉന്നത തലയോഗം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം പ്രതികളെ പിന്തുണച്ച സംസ്ഥാനത്തെ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരുന്നു. അതിനിടെ ഉന്നാവോ പീഡനക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശ് എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഉന്നാവോ, കത്‍വ പീഡനക്കേസുകളില്‍ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രതികരിച്ചത്. രണ്ട് ദിവസമായി രാജ്യത്ത് ചര്‍ച്ച ചെയ്യുന്ന വിഷയം പരിഷ്കൃത സമൂഹത്തിന് നാണക്കേട് ആണെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കത്‍വ പീഡനക്കേസിലെ പ്രതികള്‍ക്കായി തെരുവിലിറങ്ങിയ ജമ്മുവിലെ രണ്ട് ബിജെപി എംഎല്‍എമാര്‍ ഇന്നലെ രാജിവെച്ചിരുന്നു. ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആവശ്യപ്രകാരമാണ് രാജിയെന്നാണ് സൂചന. ഇതോടെ ജമ്മു കശ്മീരിലെ ബിജെപി പിഡിപി സര്‍ക്കാരിന്‍റെ ഭാവിയും ആശങ്കയിലായി. വിഷയത്തില്‍ പി‍ഡിപിയുടെ ഉന്നത തല യോഗം ഇന്ന് നടക്കും. ബിജെപിക്ക് എതിരെ കടുത്ത നിലപാട് എടുത്ത് മുഖം രക്ഷിക്കണം എന്ന ആവശ്യം യോഗത്തില്‍ ഉയരുമെന്നാണ് സൂചന. എന്നാല്‍ പിഡിപിയെ അനുനയിപ്പിക്കാൻ അമിത് ഷായുടെ നിർദേശ പ്രകാരം ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് സംസ്ഥാനത്തെത്തിയിട്ടുണ്ട്.

ഇതിനിടെ, ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം സിബിഐ രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡിയില്‍ എടുത്ത് 15 മണിക്കൂറിന് ശേഷമായിരുന്നു അറസ്റ്റ്. എംഎല്‍എയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അറസ്റ്റു വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെയും സിബിഐയെയും അലഹബാദ് ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമർശിച്ചിരുന്നു.

You might also like

-