പാരീസിനെ നടുക്കി വീണ്ടും ഭീകരാക്രമണം.
പാരീസിനെ നടുക്കി വീണ്ടും ഭീകരാക്രമണം. കത്തിയുമായി ആൾക്കൂട്ടത്തിനിടയിലേക്ക് കയറിയ തീവ്രവാദി ഒരാളെ കുത്തിക്കൊന്നു. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.ശനിയാഴ്ച പ്രദേശിക സമയം 9.30ഒടെ സെൻട്രൽ പാരീസിലെ ഒപേറ ഡിസ്ട്രിക്ടിലായിരുന്നു ആക്രമണം. കഠാരയേന്തിയ ഭീകരൻ വഴിയാത്രക്കാരെയാണ് ലക്ഷ്യം വച്ചത്. ബാറുകളിലേക്കും ഭക്ഷണശാലകളിലേക്കും കടക്കാനും ഇയാൾ ശ്രമിച്ചു. ജീവഭയത്താൽ ആളുകൾ നാലുപാടും ചിതറിയോടി. ആക്രമണത്തിൽ ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
ഭീകരനെ ജീവനോടെ പിടികൂടാനാണ് ആദ്യം പൊലീസ് ശ്രമിച്ചത്. സാധിക്കാതെ വന്നതോടെ വെടിവച്ച് കൊന്നു. ഇയാൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. രാജ്യത്ത് വീണ്ടും രക്തം ചിന്തിയെന്നും ആക്രണം ആസൂത്രണം ചെയ്തവരെ വെറുതെവിടില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു.
ഭീകരവിരുദ്ധ യൂനിറ്റ് ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങളിൽ ഫ്രാൻസിൽ കഴിഞ്ഞ മുന്ന് കൊല്ലത്തിനിടെ 230പേരാണ് കൊല്ലപ്പെട്ടത്.