പരിയാരത്ത് ഇനി സൗജന്യ ചികിത്സയും വിദ്യാഭ്യാസവും
കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തത്തോടെ ജില്ലയിലെ സാധാരണക്കാര്‍ക്ക് ആശ്വാസമായി . സാധാരണ ജനങ്ങള്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സയും പാവപ്പെട്ട മിടുക്കന്മാരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ വൈദ്യവിദ്യാഭ്യാസവും ലഭ്യമാക്കാനുള്ള തീരുമാനമായി .
മലബാറിലെ പ്രമുഖ വ്യവസായിയും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്ന സാമുവല്‍ ആറോണ്‍ 1950ല്‍ തന്റെ കുടുംബത്തിനു ഓഹരിയായി കിട്ടിയ ഭുമിയില്‍ 300 ഏക്കര്‍ സ്ഥലം താന്‍ തന്നെ നേതൃത്വം കൊടുക്കുന്ന മദ്രാസ് പ്രൊവിന്‍ഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിക്ക് ക്ഷയരോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി ദാനം നല്‍കുന്നതോടെയാണ് പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭൂമിയുടെ ചരിത്രം തുടങ്ങുന്നത്.
അമ്പതുകളില്‍ പടര്‍ന്നു പിടിച്ച ക്ഷയരോഗത്തിനു ഫലപ്രദവും സൗജന്യവുമായ ചികിത്സ നല്‍കുക എന്നതായിരുന്നു ഉദ്ദേശ്യം. അദ്ദേഹം എഴുതി വച്ച വില്‍പത്ര പ്രകാരം സൊസൈറ്റിക്ക് സാനട്ടേറിയം നടത്തി കൊണ്ട് പോകാന്‍ കഴിയാതെ വന്നാല്‍ സ്ഥലവും സ്ഥാപനവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ച് പടുത്തുയര്‍ത്തിയ ടി ബി സാനട്ടോറിയവും സ്ഥലവും സൊസൈറ്റിയുടെ ആഭ്യര്‍ത്ഥന മാനിച്ച് 1957 ലാണ് കേരള സര്‍ക്കാര്‍ എല്ലാ ആസ്തി ബാധ്യതകളോട് കുടി ഏറ്റെടുക്കുന്നത്.
ഈ ഭൂമിയില്‍ നിന്നാണ് ടി ബി.സാനിട്ടോറിയം സ്ഥിതി ചെയ്യുന്ന 119 ഏക്കര്‍ സ്ഥലം 1994 ല്‍ യു ഡി എഫ് സര്‍ക്കാര്‍ എം വി രാഘവന്റെ സൊസൈറ്റിക്ക് കൈമാറുന്നത്.
1994 ല്‍ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവന്റെ കാര്‍മികത്വത്തില്‍ രൂപമെടുത്ത കേരള കോഓപറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്‌സിന്റെ(കെ.സി.എച്ച്.സി) കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് (എ.സി.എം.ഇ.) എന്ന പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന് 119 ഏക്കര്‍ സ്ഥലം വിട്ടുകൊടുത്തു കൊണ്ട് സ്ഥാപിക്കപ്പെട്ടതാണ് പരിയാരം മെഡിക്കല്‍ കോളേജ് .
ഭൂമി സൊസൈറ്റിക്ക് കൈമാറിയത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. സൊസൈറ്റിക്ക് ഭൂമി കൈമാറിയ നടപടി 1997ല്‍ കോടതി റദ്ദാക്കി. സൊസൈറ്റിക്ക് ഭൂമി കൈമാറാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. സൗജന്യ ചികിത്സക്കു മാത്രമേ ഈ ഭൂമി ഉപയോഗിക്കാന്‍ പാടുള്ളു എന്ന് വില്‍പത്രത്തില്‍ ഉള്ളതുകൊണ്ട് സര്‍ക്കാരിന് വേണമെങ്കില്‍ ഈ ഭൂമിയില്‍ മെഡിക്കല്‍ കോളേജ് നടത്തുന്നതിന് തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു.കോടതി വിധി പ്രകാരം സ്ഥലം വീണ്ടും സര്‍ക്കാര്‍ ഉടമസ്ഥതയിലായി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരവും യൂണിവേഴ്‌സിറ്റി നിയമപ്രകാരവും കോളേജ് നടത്തുന്ന ഏജന്‍സിക്ക് സ്വന്തമായി കൈവശത്തില്‍ 25 ഏക്കര്‍ സ്ഥലം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. സ്വന്തമായി സ്ഥലമില്ലെന്ന അവസ്ഥ കോളേജിന്റെ അംഗീകാരത്തെ ബാധിക്കുമെന്നു വന്നു. ഈ അവസ്ഥ മറികടക്കാന്‍ പിന്നിട് അധികാരത്തില്‍ വന്ന നായനാരുടെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി കോളേജ് ഏറ്റെടുത്തു.
പിന്നീട് അധികാരത്തില്‍ എത്തിയ ഏ കെ ആന്റണിയുടെ നേത്യത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ പുതിയ നിയമം പാസാക്കി സ്ഥാപനത്തെ വീണ്ടും എ സി എം ഇക്കും കെസിഎച്ച്‌സി ക്കും തിരിച്ച് കൊടുത്തു
2013 ഏപ്രില്‍ 3 ന് നടന്ന യുഡിഎഫ് മന്ത്രിസഭാ യോഗം സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരത്തെയും കൊച്ചിയിലെയും മെഡിക്കല്‍ കോളേജുകള്‍ എറ്റെടുക്കുവാന്‍ തീരുമാനിച്ചു. ആസ്തി ബാധ്യത റിപ്പോര്‍ട്ട് തയ്യാറാക്കി ഒന്നിലധികം തവണ സര്‍ക്കാറിന് കൈമാറിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തില്ല.
2015 ജൂണ്‍ 2ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണുരില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലക്ക് 19 ഇന വികസന പരിപാടി പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം സ്ഥാനം പിടിച്ചത് പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ തന്നെയായിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പരിയാരം മെഡിക്കല്‍ കോളേജിന്റെ ബാധ്യത തീര്‍ക്കാന്‍ 100 കോടി രൂപ അനുവദിച്ചു എന്നതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പരിയാരം ഏറ്റെ ടുക്കുന്ന കാര്യത്തില്‍ സ്വീകരിച്ച ഏക നടപടി. കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളില്‍ നിന്നെത്തുന്ന രോഗികള്‍ക്ക് സൗജന്യ വിദ്ഗധ ചികിത്സ ലഭിക്കുന്ന കേന്ദ്രമായും പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കന്‍മാരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുതുകുന്ന സ്ഥാപനമായും മാറ്റാന്‍ വടക്കേമലബാറിലെ ജനങ്ങള്‍ കാത്തിരുന്ന ധീരമായ നടപടി ഇപ്പോള്‍ ഉണ്ടായത്