പത്തനംതിട്ടയിൽ കർഷകനെ കടുവ കൊന്നു തിന്നു
പത്തനംതിട്ട : കോന്നി കൊക്കാത്തോട്ടിൽ കടുവ കർഷകനെ കൊന്നു തിന്നു. കൊക്കാത്തോട് അപ്പൂപ്പൻതോട് കിടങ്ങിൽ കിഴക്കേതിൽ രവിയാ(45)ണ് കൊല്ലപ്പെട്ടത്. മൃതദേഹാവശിഷ്ടങ്ങൾ വനത്തിനുള്ളിൽനിന്നു കണ്ടെത്തി. തലയും വലതുകൈയും മാത്രമാണ് അവശേഷിച്ചത്. ബാക്കി ഭാഗങ്ങൾ കടുവ ഭക്ഷണമാക്കിയതായി വനം അധികൃതർ സ്ഥിരീകരിച്ചു.ബന്ധുവീട്ടിൽ പോയിരുന്ന ഭാര്യ ബിന്ദു ശനിയാഴ്ച ഉച്ചകഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ഭർത്താവിനെ കാണാതായതിനെത്തുടർന്നു തെരച്ചിൽ നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ പതിനൊന ്നോടെ നാട്ടുകാരും വനസംരക്ഷണ സമിതി പ്രവർത്തകരും ചേർന്നു അപ്പൂപ്പൻതോട് വനത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടത്. ആദ്യം അപ്പൂപ്പൻതോടിനോടു ചേർന്നു വനത്തിലെ ആനച്ചന്ത ഭാഗത്ത് രവിയുടെ ലുങ്കിയും ചെരുപ്പും കണ്ടെത്തി.തുടർന്നു നടത്തിയ തെരച്ചിലിൽ കടുവയുടെ കാൽപാടും മൽപിടിത്തത്തിന്റെ ലക്ഷണങ്ങളും വ്യക്തമായി. തെരച്ചിൽ സംഘം വനത്തിലൂടെ മുന്നോട്ടു നീങ്ങിയതോടെ രവിയുടെ ശിരസും പിന്നീടു വലതു കാലിന്റെയും വലതു കൈയുടെയും ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. ബാക്കിയുള്ള ശരീര ഭാഗങ്ങൾ കടുവ പൂർണമായും ഭക്ഷിച്ചിരുന്നു.വനത്തിനുള്ളിൽ ഒരു കിലോമീറ്ററോളം ഉള്ളിലേക്കു മാറിയാണ് ശരീരഭാഗങ്ങള്‍ കണ്ടത്. ഫോറന്‍സിക് വിദഗ്ധരെത്തി കടുവയുടെ കാല്‍പ്പാടുകളും രോമവും കണ്ടെത്തിയിട്ടുണ്ട്.
കോന്നി ഫോറസ്റ്റ് ഡിവിഷില്പെട്ട നടുവത്തുംമൂഴി റേഞ്ചിലെ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണു സംഭവം. യുവാവിനെ കടുവ ഭക്ഷണമാക്കിയെന്ന വാർത്ത നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. മൃതദേഹഭാഗങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
വനവുമായി ബന്ധപ്പെട്ടു താത്കാലിക ജോലിയിൽ ഏർപ്പെട്ടിരുന്ന രവി ഫയർ വാച്ചറായും പ്രവർത്തിച്ചിരുന്നു. വിറക് ശേഖരിക്കാനും മറ്റും ഗ്രാമീണർ വനത്തിൽ പ്രവേശിക്കുക പതിവാണെന്ന് ഡിഎഫ്ഒ പറഞ്ഞു.