പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാം വനം മന്ത്രി
തിരുവനന്തപുരം: പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കുന്നതിന് വനംവകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി കെ രാജു നിയമസഭയെ അറിയിച്ചു. എന്നാല്‍ ഏലപ്പട്ടയത്തിലും ഏലപ്പാട്ട ഭൂമിയിലും പള്ളിവാസല്‍, ചിന്നക്കനാല്‍ റിസര്‍വുകളിലും മരം മുറിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്.
ഗിരിജന്‍ സെറ്റില്‍മെന്റുകളില്‍ സ്വന്തം ആവശ്യത്തിന് പ്ലാവ്, ആഞ്ഞിലി മരങ്ങള്‍ മുറിക്കാം.വിവാഹം നടത്താനും മരം മുറിക്കാന്‍ തടസമില്ല. ഉടമസ്ഥാവകാശമുള്ള ഭൂമിയിലെ മരം ഉണങ്ങിയോ കാറ്റത്ത് നിലംപതിക്കുകയോ കെട്ടിടം നിര്‍മ്മിക്കാന്‍ മുറിക്കുകയോ ചെയ്താല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം. ഉദ്യോഗസ്ഥര്‍ ചന്ദനമരം ശേഖരിച്ച് ഡിപ്പോയില്‍ വിറ്റ് ഉടമസ്ഥന് പണം നല്‍കും. ഇടുക്കിയില്‍ 25.39 ഹെക്ടറില്‍ പട്ടയം നല്‍കാന്‍ കേന്ദ്രാനുമതിയുണ്ടെന്നും പട്ടയവിതരണത്തിന് വനം വകുപ്പ് തടസമുണ്ടാക്കില്ലെന്നും പി സി ജോര്‍ജ്ജിന്‍റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.