നീലക്കുറിഞ്ഞി സീസണ്‍ ;ഒരുക്കങ്ങളില്‍ നിന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ. ഒഴിവാക്കുന്നതായി പരാതി.

0

ഇടുക്കി: നീലക്കുറിഞ്ഞി സീസണ്‍ അനുബന്ധിച്ച് നടക്കുന്ന ഒരുക്കങ്ങളില്‍ നിന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ  ഒഴിവാക്കുന്നതായി  പരാതി. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതായി മുഖ്യമന്ത്രിക്കാണ് എം.എല്‍.എ പരാതി നല്‍കിയിട്ടുള്ളത്. ജില്ലാ കളക്ടര്‍ ഇതുമായി ബന്ധപ്പെട്ട് രണ്ടു തവണ യോഗം ചേര്‍ന്നിരുന്നെങ്കിലും രണ്ടു തവണയും തന്നെ ഒഴിവാക്കിയെന്നാണ് എംഎല്‍എയുടെ ആരോപണം.

കുറിഞ്ഞി പൂക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നാറില്‍ ഒരുക്കങ്ങള്‍ പൂത്തിയായി എന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും എം.എല്‍.എ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ താഴെത്തട്ടിലുള്ള യോഗം പോലും ചേര്‍ന്നിട്ടില്ല. പ്രായോഗികമായി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്‍റേഷന്‍ കമ്പനി അധികൃതരെയും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും വിളിച്ചു യോഗം ചേരണമെന്നും ആവശ്യപ്പെട്ടു. മൂന്നാര്‍ ഒരുങ്ങിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ഒരുക്ക നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും എസ്.രാജേന്ദ്രന്‍ എം.എല്‍.എ വ്യക്തമാക്കി. വനം വകുപ്പിന്‍റെയും കെ.ഡി.എച്ച്.പി കമ്പനിയുടെയും കീഴിയിലുള്ള മലനരികളിലാണ് കുറിഞ്ഞി വ്യാപകമായി പൂക്കുന്നത്. അതിനാലാണ് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറിഞ്ഞി പൂക്കാനുള്ള സമയം അടുത്തതോടെയാണ് എം.എല്‍.എ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കുറിഞ്ഞി പൂക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവാതെ കുഴയുകയാണ്. ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയെങ്കിലും ഒന്നും ഫലവത്തായിട്ടില്ല. കുറിഞ്ഞിക്കാലത്ത് എട്ടു ലക്ഷത്തോളം വിനോദസഞ്ചാരികള്‍ മൂന്നാറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും ജനബാഹുല്യം താങ്ങാവുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ കുറിഞ്ഞി പൂക്കുന്ന സ്ഥലങ്ങളില്‍ ഒരുക്കാനാവില്ല എന്നതും പ്രശ്നമാണ്. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാര്‍ക്കിംഗ് ഇല്ലാത്തതാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

You might also like

-