നിയന്ത്രണങ്ങള്‍ മറികടന്ന് ബി.ജെ.പി എം‌.എൽ‌.എക്ക് യാത്രാനുമതി; ബീഹാറിലെ ഐ‌.എ.‌എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട യാത്രാ പാസ് എം.എല്‍.എയുടെ സ്വകാര്യ ആവശ്യത്തിന് അനുവദിച്ച നവാദയിലെ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ഇപ്പോള്‍ സസ്പെന്‍ഷന്‍ നടപടി എടുത്തു.

0

രാജ്യവ്യാപകമായി ലോക്ഡൌണ്‍ നിലനില്‍ക്കെ രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് മകളെ തിരിച്ചെത്തിക്കാന്‍ പോയ ബി.ജെ.പി എം.എല്‍.എക്ക് യാത്രാ പാസ് അനുവദിച്ച സംഭവം നേരത്തെ വിവാദമായിരുന്നു. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട യാത്രാ പാസ് എം.എല്‍.എയുടെ സ്വകാര്യ ആവശ്യത്തിന് അനുവദിച്ച നവാദയിലെ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ഇപ്പോള്‍ സസ്പെന്‍ഷന്‍ നടപടി എടുത്തു.

ഹിസുവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അനില്‍ സിങ് എം.എല്‍.എക്കാണ് മകളെ വിളിക്കാന്‍ പോകാനായി നവാദ ജില്ലയിലെ സബ്ഡിവിഷണല്‍ ഓഫീസര്‍ യാത്രാനുമതി അനുവദിച്ചത്. അന്തര്‍ സംസ്ഥാന യാത്രക്ക് സൗകര്യമൊരുക്കുന്ന പാസാണ് ഉദ്യോഗസ്ഥന്‍ അനുവദിച്ച് നല്‍കിയത്. കോവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അസാധാരണമായ സാഹചര്യങ്ങളിലല്ലാതെ ഇത്തരം പാസുകള്‍ അനുവദിച്ച നല്‍കാന്‍ പാടുള്ളതല്ല.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ശക്തമായ ആയുധമായി ഈ സംഭവത്തെ ഉപയോഗിക്കുകയാണ് പ്രതിപക്ഷമിപ്പോള്‍. ഭരണപക്ഷത്തിലെ വേണ്ടപ്പെട്ട വി.ഐ.പികള്‍ക്കായി ലോക്ക്ഡൌണ്‍ കാലത്ത് വഴിവിട്ട് സഹായം ചെയ്തുവെന്നാണ് മുഖ്യമന്ത്രിക്ക് എതിരെ ഉയരുന്ന ആരോപണം. ഇങ്ങനെ സംഭവം വിവാദമായ സാഹചര്യത്തിലാണ് സബ്ഡിവിഷണല്‍ ഓഫീസര്‍ അനുകുമാറിനെതിരെ സസ്‌പെന്‍ഷന്‍ നടപടി എടുക്കുന്നത്. സെക്രട്ടറിയേറ്റിന്റെ അനുമതിയില്ലാതെ വാഹനം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയതില്‍ ഡ്രൈവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനത്തിലല്ല, മറിച്ച തന്റെ സ്വകാര്യ വാഹനമാണ് യാത്രക്കുപയോഗിച്ചതെന്നാണ് സിംഗിന്റെ മറുപടി. പക്ഷേ സ്വന്തം വാഹനമായ ഫോര്‍ച്യൂണറിനൊപ്പം സര്‍ക്കാര്‍ വാഹനത്തിനും അനില്‍ സിംഗ് പാസ് സംഘടിപ്പിച്ചിരുന്നു

ഏപ്രില്‍ 15 നായിരുന്നു അനില്‍ സിംഗ് എം.എല്‍.എ പാസ് വാങ്ങി 17 വയസുള്ള മകളെ തിരിച്ചെത്തിക്കുന്നതിനായി രാജസ്ഥാനിലേക്ക് പോയത്. മെഡിക്കല്‍ കോച്ചിംഗ് വിദ്യാര്‍ത്ഥിയായിരുന്ന മകളുടെ ഹോസ്റ്റലില്‍ കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെല്ലാം വീട്ടില്‍ പോയതോടെ കുട്ടി തനിച്ചാവുകയും കടുത്ത വിഷാദത്തിലേക്കെത്തുകയും ചെയ്തുവെന്നാണ് എം.എല്‍.എയുടെ വാദം. നിയമസഭയിലെ ചീഫ് വിപ്പ് കൂടിയാണ് അനില്‍ സിങ്.

You might also like

-