തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ പുരസ്കാര ജേതാക്കൾക്കു നേരിട്ട വിവേചനം കേന്ദ്ര സർക്കാരിന്റെ അസഹിഷ്ണുതയുടെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്മൃതി ഇറാനിക്കുവേണ്ടി കേന്ദ്രസർക്കാർ രാഷ്ട്രപതിയെ തന്നെ വിവാദത്തിലാക്കിയെന്നും എല്ലാവർക്കും അവാർഡ് നൽകാൻമാത്രം ആരോഗ്യമുള്ള ആളായിരുന്നു രാഷ്ട്രപതിയെന്നും പിണറായി പറഞ്ഞു.
പുരസ്കാര ജേതാക്കളായ എല്ലാവർക്കും അവാർഡ് നൽകാൻമാത്രം ആരോഗ്യമുള്ള ആളായിരുന്നു രാഷ്ട്രപതി. എന്നാൽ കേന്ദ്ര വാർത്താവിനിമയ മന്ത്രി സ്മൃതി ഇറാനിക്കുവേണ്ടി കേന്ദ്രസർക്കാർ രാഷ്ട്രപതിയെ തന്നെ വിവാദത്തിലാക്കി. രാഷ്ട്രപതി പുരസ്കാരങ്ങൾ നൽകാത്തത് മുൻ നിശ്ചയ പ്രകാരമായിരുന്നു. സ്മൃതി ഇറാനി രാഷ്ട്രപതിയുടെ പദവി ഉപയോഗിച്ചു. ഇത് തെറ്റാണ്, രാഷ്ട്രപതിയെ അപമാനിക്കലാണ്. ഇതിനോടു പുരസ്കാര ജേതാക്കൾ പ്രതിഷേധിച്ചത് ന്യായമാണെന്നും പിണറായി പറഞ്ഞു. മോദി സർക്കാരിന്റെ അസഹിഷ്ണുതയുടെ തെളിവാണ് ഇതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നോക്കുകൂലി നിരോധനം കേരളത്തിനു പുത്തൻ ഉണർവു നൽകുമെന്നും ചട്ടം ലംഘിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മോദി സർക്കാർ വാശിയോടെയാണ് ഓഹരികൾ വിൽക്കുന്നത്. എച്ച്എൽഎൽ ഏറ്റെടുക്കുന്നതിനായി ഒരു കുത്തകകന്പനി എന്നെയും സമീപിച്ചു. എച്ച്എൽഎൽ ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ അനുവദിച്ചെന്നും സംസ്ഥാന സർക്കാർ സഹായിക്കണമെന്നുമായിരുന്നു കന്പനിയുടെ ആവശ്യം. എന്നാൽ താൻ ആവശ്യം നിരസിച്ചു. പൊതുമേഖലയെ സംരക്ഷിക്കണമെന്നതാണ് സർക്കാർ നിലപാട്- മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽ സ്ഥിരത എന്ന അവകാശം കേന്ദ്രം കവർന്നെടുക്കുകയാണെന്നും ഇത് അതിനീചമായ തൊഴിലാളി വിരുദ്ധതയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി