ദേശീയ പുരസ്കാരo മലയാളത്തിന് വാൻ നേട്ടം ; ഫഹദിനും ജയരാജിനും യേശുദാസിനും പുരസ്കാരം

0

ഡൽഹി: ദേശീയ പുരസ്കാര പ്രഭയിൽ മലയാള സിനിമ ഒരിക്കൽ കൂടി നിറഞ്ഞു നിൽക്കുകയാണ്. മികച്ച സംവിധായകനായി ജയരാജിനെയും മികച്ച സഹനടനായി ഫഹദ് ഫാസിലിനെയും മികച്ച ഗായകനായി യേശുദാസിനെയും ജൂറി തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ലഭിച്ചു. ഭയനാകം എന്ന ചിത്രമാണ് ജയരാജിന് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്തത്.

വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിന് വേണ്ടി പോയ് മറഞ്ഞ കാലം എന്ന ഗാനം ആലപിച്ച ഗാനഗന്ധർവനിലൂടെയാണ് മികച്ച ഗായകനുള്ള പുരസ്കാരം ഒരിക്കൽ കൂടി മലയാളക്കരയിലേക്ക് എത്തുന്നത്. എട്ടാം തവണയാണ് യേശുദാസ് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടുന്നത്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച മലയാള സിനിമ. ഇന്ദ്രൻസിന്‍റെ മനോഹരമായ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ആളൊരുക്കം എന്ന ചിത്രത്തിന് മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

ടേക്ക് ഓഫിനും ചിത്രത്തിലെ പാർവതിയുടെ പ്രകടനത്തിനും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചതാണ് മലയാളത്തിന്‍റെ മറ്റൊരു സവിശേഷത. മികച്ച നടിക്കുള്ള പോരാട്ടത്തിൽ പാർവതിയെ അവസാനം വരെ പരിഗണിച്ചിരുന്നുവെന്നും മനോഹരമായ പ്രകടനമാണ് അവർ കാഴ്ചവച്ചതെന്നും ജൂറി വിലയിരുത്തി. ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനുള്ള പുരസ്കാരത്തിനായും ജൂറി അവസാനം വരം പരിഗണിച്ചിരുന്നു. മനോഹരമായ പ്രകടനമാണ് ചിത്രത്തിൽ ഇന്ദ്രൻസ് കാഴ്ചവച്ചിരിക്കുന്നതെന്നും ജൂറി വിലയിരുത്തി.

മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും മലയാളത്തിനാണ്. ഭയാനകം എന്ന ജയരാജ് ചിത്രത്തിന് കാമറ ചലിപ്പിച്ച നിഖിൽ എസ്. പ്രവീണിനാണ് മികച്ച കാമറാമാനുള്ള പുരസ്കാരം. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരവും ടേക്ക് ഓഫ് എന്ന ചിത്രം നേടി. സന്തോഷ് രാജനാണ് ഈയിനത്തിൽ പുരസ്കാരം കേരളക്കരയിൽ എത്തിച്ചത്.

കഥേതര വിഭാഗത്തിൽ അനീസ് കെ. മാപ്പിള സംവിധാനം ചെയ്ത സ്ലേവ് ജനിസിസ് എന്ന ചിത്രം പുരസ്കാരം നേടി. വയനാട്ടിലെ പണിയ സമുദായത്തിന്‍റെ ജീവിതം പറയുന്ന ചിത്രമായിരുന്നു അനീസ് ഒരുക്കിയത്

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ നിറഞ്ഞനിന്ന മലയാളത്തിന് മികച്ച അഭിനേതാക്കൾക്കുള്ള പുരസ്കാരം കൈയെത്തും ദൂരത്ത് നഷ്ടമായി. മോം എന്ന ചിത്രത്തിലെ മനോഹര പ്രകടനത്തിന് അന്തരിച്ച നടി ശ്രീദേവിക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. നഗരകീർത്തനം എന്ന ബംഗാളി ചിത്രത്തിലെ പ്രകടനത്തിന് പത്തൊൻപത് വയസുകാരൻ ഋഥി സെൻ ആണ് രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

ഈ രണ്ടു വിഭാഗത്തിലേക്കും മലയാളി താരങ്ങൾ ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു. മികച്ച നടനുള്ള പുരസ്കാരത്തിന് ഇന്ദ്രൻസിനെ അവസാന നിമിഷം വരെ പരിഗണിച്ചിരുന്നുവെന്ന് ജൂറി ചെയർമാൻ ശേഖർ കപൂർ പറഞ്ഞു. ആളൊരുക്കം എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്‍റെ അഭിനയം ഗംഭീരമായിരുന്നുവെന്നും ജൂറി വിലയിരുത്തി.

ടേക്ക് ഓഫിലെ ഗംഭീര പ്രകടനത്തിന് പാർവതിയെയും ജൂറി അഭിനന്ദിച്ചു. മികച്ച പ്രകടനമെന്ന് വിലയിരുത്തിയാണ് ജൂറിയുടെ പ്രത്യേക പരാമർശം പാർവതിക്ക് നൽകാൻ തീരുമാനിച്ചതെന്നും ജൂറി ചെയർമാൻ പറഞ്ഞു.

വില്ലേജ് റോക്ക് സ്റ്റാർ എന്ന ആസാമീസ് ചിത്രമാണ് പോയ വർഷത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. റിമ ദാസ് ഒരുക്കിയ ചിത്രത്തിന് മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരവും ലഭിച്ചു. ഒരു കൊച്ചു പെണ്‍കുട്ടിയുടെ വലിയ സ്വപ്നത്തിലേക്കുള്ള യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്. പത്തുവയസുകാരി റോക്ക് റോക്ക് ബാൻഡ് ഉണ്ടാക്കാൻ നടത്തുന്ന ശ്രമം ചിത്രീകരിച്ച വില്ലേജ് റോക്ക് സ്റ്റാറിനെ ജൂറി മികച്ച ചിത്രമായി തെരഞ്ഞെടുക്കുകയായിരുന്നു.

ദ് പാന്തി സ്റ്റോറി എന്ന ചിത്രം മികച്ച പരിസ്ഥിതി സിനിമയ്ക്കുള്ള പുരസ്കാരം നേടി. ഗിരിധർ ഝാ മികച്ച സിനിമ നിരൂപകനുള്ള പുരസ്കാരം സ്വന്തമാക്കി. സംഗീത വിഭാഗത്തിൽ എ.ആർ.റഹ്മാന് രണ്ടു പുരസ്കാരങ്ങൾ ലഭിച്ചത് ശ്രദ്ധേയമായി. മികച്ച സംഗീത സംവിധായകൻ, മികച്ച പശ്ചാത്തല സംഗീതം എന്നീ പുരസ്കാരങ്ങളാണ് റഹ്മാനെ തേടിയെത്തിയത്. മണിരത്നം സംവിധാനം ചെയ്ത കാട്രു വെളിയിടെ എന്ന തമിഴ് ചിത്രത്തിനായി ഒരുക്കിയ ഗാനങ്ങൾക്കാണ് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം റഹ്മാന് ലഭിച്ചത്. മോം എന്ന ചിത്രത്തിനായി ഒരുക്കിയ പശ്ചാത്തല സംഗീതവും റഹ്മാന് പുരസ്കാരം സമ്മാനിച്ചു.

കഴിഞ്ഞ വർഷത്തെ ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നായ ബാഹുബലി ദ് കണ്‍ക്ലൂഷനാണ് മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. മികച്ച സംഘട്ടനം, വിഷ്വൽ ഇഫക്ട്സ് എന്നീ വിഭാഗങ്ങൾക്കുള്ള പുരസ്കാരവും ബാഹുബലി സ്വന്തമാക്കി. റഹ്മാന്‍റെ ഒരുക്കിയ കാട്രു വെളിയിടെ എന്ന ചിത്രത്തിലെ ഗാനം ആലപിച്ച സാഷ തിരുപ്പതിയാണ് മികച്ച ഗായിക.

മികച്ച ഹിന്ദി ചിത്രം (ന്യൂട്ടണ്‍), മികച്ച തമിഴ് ചിത്രം (ടു ലെറ്റ്), മികച്ച മറാഠി ചിത്രം (മോർഖ്യ), മികച്ച ഒറിയ ചിത്രം (ഹലോ ആർസി) എന്നിവയും പുരസ്കാരത്തിന് അർഹമായി. ശേഖർ കപൂർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡുകൾ നിശ്ചയിച്ചത്. മലയാളത്തിൽ നിന്ന് 15 ചിത്രങ്ങളാണ് പുരസ്കാര പട്ടികയിൽ ഉണ്ടായിരുന്നത്.

You might also like

-