തിരുവന്തപുരത്തുനിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശവനിതയുടേതെന്ന് സംശയം
തിരുവനന്തപുരം: കോവളത്ത് നിന്നും കാണാതായ വിദേശയുവതി (ഐറിഷ് യുവതി )ലിഗയുടേത് എന്ന് സംശയിക്കുന്ന മൃതദേഹം തിരുവനന്തപുരം തിരുവല്ലത്ത്നിന്നും കണ്ടെത്തി. വാഴമുട്ടം പൂനംതുരുത്തില്‍ വള്ളികളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. സമീപത്തു ചുണ്ടിയാടാൻ വന്നവരാണ് മൃതദേഹം കണ്ടത്. സ്ത്രീയുടെ മൃതദേഹത്തിന് ഒരു മാസം പഴക്കമുണ്ട്. ഫോറൻസിക് വിദഗ്ദർ സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മൃതദേഹത്തിൽ ധരിച്ചിരിക്കുന്ന ജാക്കറ്റും സമീപത്തുനിന്നു കണ്ടെത്തിയ വിദേശ സിഗരറ്റുകളുടെ പാക്കറ്റ്, തൊലിയുടെ നിറം എന്നിവയാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന സംശയം ബലപ്പെടുത്തുന്നത്. ലിഗ ചികിത്സിച്ചിരുന്ന പോത്തൻകോട്ടെ ആയൂർവേദ ആശുപത്രിയിലെ ഡോക്ടർമാർ മൃതദേഹം പരിശോധിച്ചെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞില്ല. ലിഗയുടെ സഹോദേരി മംഗലാപുരത്ത്നിന്നും നാളെ തലസ്ഥാനത്തെത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിനയക്കും. ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ മൃതദേഹം ലിഗയുടേതെന്ന് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.
പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയ ലിഗയെ ഇവിടെ നിന്ന് മാര്‍ച്ച് 14ന് കാണാതാവുകയായിരുന്നു. ലാത്വിയന്‍ പൗരത്വമുള്ള ലിഗയും കുടുംബവും അഞ്ച് വര്‍ഷമായി അയര്‍ലന്റിലാണ് താമസിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും പിടിപെട്ടതോടെയാണ് ആയൂര്‍വേദ ചികിത്സക്കായി സഹോദരി ഇല്‍സിക്കൊപ്പം ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയത്. അമൃതാനന്ദമയി ഭക്തരായ ഇരുവരും ആലപ്പുഴയില്‍ ഒരു ദിവസം ചിലവഴിച്ച ശേഷം കൊല്ലം വള്ളിക്കാവിലുള്ള അമൃതപുരി ആശ്രമത്തിലെത്തി. യൂറോപ്പില്‍ വെച്ച് അമൃതാനന്ദമയിയെ സന്ദര്‍ശിച്ചിട്ടുള്ള ലിഗ കുറച്ചുദിവസം ആശ്രമത്തില്‍ തങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രാത്രിയില്‍ ആശ്രമത്തിലെ ബഹളം ഉറക്കം നഷ്‌ടപ്പെടുത്താന്‍ തുടങ്ങിയതോടെ അവിടെ നിന്ന് വര്‍ക്കലയിലേക്ക് പോയി. കുറച്ചുദിവസം അവിടെ താമസിച്ച ശേഷം ഫെബ്രുവരി 21ന് പോത്തന്‍കോടുള്ള ഒരു സ്വകാര്യ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിലെത്തി ചികിത്സ ആരംഭിച്ചു.
ചികിത്സയില്‍ അസുഖം ഭേദപ്പെട്ടുവരുന്നതിനിടെയാണ് മാര്‍ച്ച് 14ന് ലിഗയെ കാണാതാകുന്നത്. ശാരീരിക അവശതകള്‍ കാരണം രാവിലത്തെ യോഗ പരിശീലനത്തില്‍ പങ്കെടുക്കാതെ ലിഗ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. യോഗ കഴിഞ്ഞ് രാവിലെ 7.45ഓടെ സഹോദരി മുറിയിലെത്തിയപ്പോള്‍ ലിഗയെ കാണാനില്ലായിരുന്നു. ആദ്യം ആശുപത്രിയുടെ പരിസരത്തും പിന്നീട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സമീപ പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പോത്തന്‍കോട് നിന്നും ഓട്ടോറിക്ഷയില്‍ കയറി പോകുന്നത് കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടം പോയ ഡ്രൈവറെ കണ്ടെത്തി. രാവിലെ 8.30ഓടെ ഓട്ടോയില്‍ കയറിയ യുവതി തനിക്ക് ഏതെങ്കിലും ബീച്ചില്‍ പോകണമെന്ന് പറഞ്ഞുവെന്നും ഇതനുസരിച്ച് കോവളത്ത് കൊണ്ടുവിട്ടുവെന്നും ഡ്രൈവര്‍ അറിയിച്ചു. 750 രൂപയാണ് ഓട്ടോക്കൂലി എന്ന് അറിയിച്ചപ്പോള്‍ 800 രൂപ നല്‍കി അവിടെ ഇറങ്ങിപ്പോവുകയായിരുന്നു. മുറിയിലുണ്ടായിരുന്ന പേഴ്‌സ് പരിശോധിച്ചപ്പോള്‍ 2000 രൂപ മാത്രമേ ലിഗ കൊണ്ടുപോയിട്ടുള്ളൂ എന്നും മനസിലായി. ബാഗും പാസ്‍പോര്‍ട്ടും മറ്റ് സാധനങ്ങളും മുറിയില്‍ തന്നെയുണ്ടായിരുന്നു.
തുടര്‍ന്ന് കോവളം ബീച്ചില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഒരാള്‍ മാത്രമാണ് ഇവിടെ ലിഗയെ കണ്ടതായി പറഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ കോവളത്തും പരിസരത്തും ചിത്രം സഹിതം പോസ്റ്ററുകള്‍ പതിച്ചെങ്കിലും കാര്യമുണ്ടായില്ല. പരിസരത്തെ മറ്റ് ബീച്ചുകളിലും ഓട്ടോറിക്ഷാ സ്റ്റാന്റുകളിലും അന്വേഷിച്ചു. കോവളം പൊലീസ് സ്റ്റേഷനില്‍ സമീപിച്ചപ്പോള്‍ പോത്തന്‍കോട് സ്റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കി. ഓട്ടോ ഡ്രൈവറുടെ മൊഴിയെടുത്തതല്ലാതെ അന്വേഷണം മുന്നോട്ട് നീങ്ങിയിട്ടില്ല. വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിനിടെ മാര്‍ച്ച് 16ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയും പരാതിപ്പെട്ടു. ഇവിടെ നിന്ന് നിര്‍ദ്ദേശിച്ചത് അനുസരിച്ച് സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് കണ്ടും പരാതി ബോധിപ്പിച്ചു. അന്വേഷണം നടക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്താന്‍ കഴിയുമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
തുടര്‍ന്ന് ലിഗയെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സഹോദരി ഇന്‍സി സ്ക്രോമേന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് റിട്ട് നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന മറുപടിയാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്.