ജറുസലേമിൽ യുഎസ് എംബസിതുറന്നതിൽ പ്രതിഷേധം; ഇസ്രയേൽ വെടിവയ്പിൽ 43 പാലസ്തീൻകാർ കൊല്ലപ്പെട്ടു
ഗാസ : ജറുസലേമിൽ യുഎസ് എംബസി തുറന്നതിൽ പ്രതിഷേധിച്ച പാലസ്തീൻകാർക്കുനേരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ 43 പേർ കൊല്ലപ്പെട്ടു. 1,940 പേർക്കു പരിക്കേറ്റു. എംബസി തുറക്കുന്നതിനെതിരെ ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണ്‍ എന്ന പേരിൽ ഇസ്രയേൽ അതിർത്തിയിൽ പാലസ്തീൻ സമരക്കാർ പ്രതിക്ഷേധിച്ചിരുന്നു. ഇവർക്കുനേരെയാണ് സുരക്ഷാ സേന വെടിവയ്പു നടത്തിയത്.
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾക്കു തുടക്കമായാണ് യുഎസ് ജറുസലേമിൽ എംബസി തുറന്നത്. യുഎസ് അംബാസഡർ ഡേവിഡ് ഫ്രൈഡ്മാൻ എംബസി ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇതിൽ പ്രതിക്ഷേധിക്കുന്നതിനായി അതിർത്തിയിൽ ഒത്തുകൂടിയ സമരക്കാർ ഇസ്രയേൽ സൈന്യത്തിന് നേരെ കല്ലുകളും ബോംബുകളും എറിഞ്ഞു. ഇവർക്കുനേരെ സൈന്യം വെടിവയ്ക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സമരത്തിനു പിന്നിൽ ഹമാസാണെന്ന് ഇസ്രയേൽ ആരോപിക്കുന്നു.
എംബസി തുറക്കുന്നതിനെതിരെ ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണ്‍ എന്ന പേരിൽ ഇസ്രയേൽ അതിർത്തിയിൽ സമരക്കാർ മാർച്ച് 30 മുതൽ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇവരുടെ പ്രതിഷേധം അവഗണിച്ചായിരുന്നു എംബസി തുറക്കൽ. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചത്.