ജസ്റ്റിസ് ജെ ചെലമേശ്വർ ഇന്ന് വിരമിക്കും

0

 

വിരമിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരെ പരസ്യ പ്രതിഷേധം അറിയിച്ചവരില്‍ മുന്‍ നിരക്കാരനായ ന്യായാധിപന്‍

ഡൽഹി ; ജസ്റ്റിസ് ജെ ചെലമേശ്വറിന്‍റെ സുപ്രീം കോടതിയിലെ അവസാന പ്രവൃത്തി ദിനം ഇന്ന്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കൂടെ ഒന്നാം നമ്പര്‍ കോടതിയില്‍ ചെലമേശ്വര്‍ ഇന്ന് സിറ്റിംഗ് നടത്തും. സമീപകാലത്ത് ചീഫ് ജസ്റ്റിസിന് എതിരെ സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ മുന്‍ നിരക്കാരനായിരുന്നു ചെലമേശ്വര്‍.

ജൂണ്‍ 22 നാണ് സുപ്രീംകോടതിയിലെ രണ്ടാമനായ ജസ്തി ചെലമേശ്വര്‍ ഔദ്യോഗികമായി സര്‍വ്വീസില്‍ നിന്നും വിരമിക്കുക. വിരമിക്കുന്ന ജഡ്ജി അവസാന പ്രവൃത്തി ദിനം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ സിറ്റിംഗ് നടത്തുന്നതാണ് കീഴ്‍വഴക്കം. എന്നാല്‍ ഇന്ന് മുതല്‍ കോടതി ഒന്നരമാസത്തെ വേനലവധിയില്‍ പ്രവേശിക്കും. ഈ സാഹചര്യത്തിലാണ് ഇന്ന് ചെലമേശ്വറിനെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്.
ഇരുവര്‍ക്കും പുറമെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ബെഞ്ചില്‍ അംഗമാണ്.

ജനുവരിയില്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ മുന്‍നിരയിലായിരുന്നു ചെലമേശ്വര്‍. ചീഫ് ജസ്റ്റിസ് പക്ഷപാതിത്വം കാണിക്കുന്നു എന്നും സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ വ്യവസ്ഥാപരമല്ലെന്നും അദ്ദേഹം പലതവണ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞു. ഇങ്ങനെ ചീഫ് ജസ്റ്റിസിനോട് കലഹിച്ചതിനാല്‍ അദ്ദേഹത്തോടൊപ്പം ഒരേ ബെഞ്ചില്‍ ചെലമേശ്വര്‍ ഇരുന്നേക്കില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇവ അസ്ഥാനത്താക്കിയാണ് ഇന്ന് ഒന്നാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് ചലമേശ്വര്‍ സിറ്റിംഗ് നടത്തുന്നത്. എന്നാല്‍ സുപ്രീം കോടതി ബാർ അസോസിയേഷന്റെ യാത്ര അയപ്പ് ചടങ്ങ് അദ്ദേഹം വേണ്ടെന്ന് വച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കി ഉയര്‍ത്തണമെന്ന ശിപാര്‍ശ കേന്ദ്രത്തിന് തിരിച്ചയക്കുന്നത് സംബന്ധിച്ച് കൊളീജിയത്തില്‍ ചര്‍ച്ചതുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ജ. ചെലമേശ്വര്‍ വിരമിക്കുന്നത്.

You might also like

-