ഡൽഹി: മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം നിര്‍ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. വെള്ളിയാഴ്ച ഇന്ദു മൽഹോത്ര ജഡ്ജി പദവി ഏറ്റെടുക്കും. നിയമനം അംഗീകരിച്ച് കേന്ദ്ര സർക്കാർ കൈമാറിയ ശിപാർശയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകി.അഭിഭാഷകയായിരിക്കെ സുപ്രീം കോടതി ജഡ്ജിയാവുന്ന രാജ്യത്തെ ആദ്യ വനിതയെന്ന പദവിയും ഇന്ദു മൽഹോത്ര ഇതോടെ സ്വന്തമാക്കി. സുപ്രീം കോടതി ജഡ്ജിയാവുന്ന ഏഴാമത്തെ വനിതയാണ് ഇവർ. നിലവിൽ ഒരു വനിതാ ജഡ്ജി മാത്രമാണ് സുപ്രീം കോടതിയിലുള്ളത്. ആർ.ഭാനുമതിയാണ് നീതിന്യായ പീഠത്തിലെ വനിതാ സാന്നിദ്ധ്യം. എന്നാൽ ഇന്ദു മല്‍ഹോത്രയ്ക്കൊപ്പം കൊളീജിയം നിര്‍ദേശിച്ച മലയാളിയായ ജസ്റ്റീസ് കെ.എം ജോസഫിനെ തഴഞ്ഞു. എന്തുകാരണത്താലാണ് കെ.എം ജോസഫിനെ തഴഞ്ഞതെന്ന് വ്യക്തമല്ല.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന ഒ.പി.മൽഹോത്രയുടെ മകളാണ് ഇന്ദു. 2007ലാണു സുപ്രീം കോടതിയിൽ സീനിയർ പദവി ലഭിച്ചത്.
2016 ല്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം ജസ്റ്റീസ് കെ.എം ജോസഫ് റദ്ദാക്കിയത് മോദി സര്‍ക്കാരിന് കനത്ത പ്രഹരമായിരുന്നു.ജസ്റ്റീസ് കെ.എം ജോസഫിനെ ആന്ധ്രാപ്രദേശ്, തെലുങ്കാന ചീഫ് ജസ്റ്റീസായി നിയമിക്കാന്‍ നേരത്തേ ശിപാര്‍ശയുണ്ടായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, കെ.എം ജോസഫിനെ ഒഴിവാക്കി കൊളീജിയം അഞ്ച് ജഡ്ജിമാരുടെ ശിപാര്‍ശ നടത്തിയതിനെതിരെ ജസ്റ്റീസ് ജെ.ചെലമേശ്വര്‍ രംഗത്തെത്തിയിരുന്നു.