ബെയ്ജിംഗ്: ചൈനീസ് പാർലമെന്റിന്റെ വാർഷിക സമ്മേളനത്തിന് ഇന്നലെ ഔദ്യോഗിക തുടക്കമായി. പ്രസിഡന്റ് ഷി ചിൻപിംഗിന് അധികാരത്തിൽ സ്ഥിരപ്രതിഷ്ഠ നല്കുന്ന ഭരണഘടനാ ഭേദഗതി അടക്കമുള്ള തീരുമാനങ്ങൾ സമ്മേളനം അംഗീകരിക്കും.
രണ്ടായിരത്തിലധികം അംഗങ്ങളുള്ള രാഷ്ട്രീയ ഉപദേശക സമിതിയായ ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസി(സിപിപിസിസി)ന്റെ യോഗത്തോടെ വാർഷിക പാർലമെന്റ് സമ്മേളനത്തിന് ഇന്നലെ തുടക്കമായി.
മൂവായിരത്തിനടുത്ത് അംഗങ്ങളുള്ള പാർലെന്റ് സഭയായ നാഷണൽ പീപ്പിൾസ് കോൺഗ്രസി(എൻപിസി)ന്റെ യോഗം തിങ്കളാഴ്ച ആരംഭിക്കും.
പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഭരിക്കാനുള്ള അവസരം രണ്ടു വട്ടമായി നിജപ്പെടുത്തുന്ന വ്യവസ്ഥ നീക്കംചെയ്യാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുന്പെടുത്ത തീരുമാനം അംഗീകരിക്കലാണ് പാർലമെന്റ് സമ്മേളനത്തിലെ ശ്രദ്ധാവിഷയം. ഇതിനുവേണ്ട ഭരണഘടനാ ഭേദഗതി എൻപിസി അംഗീകരിക്കും.
ഇതോടെ ചിൻപിംഗിന് പ്രസിഡന്റ് പദവിയിൽ മൂന്നാംവട്ടവും തുടരാനുള്ള അവസരം ലഭിക്കും. പാർട്ടിയുടെയും പട്ടാളത്തിന്റെയും തലവൻകൂടിയായ ചിൻപിംഗിന്റെ പരമാധികാരം അരക്കിട്ട് ഉറപ്പിക്കപ്പെടും. പ്രതിരോധബജറ്റ് അടക്കമുള്ളവയും സമ്മേളനത്തിൽ പാസാക്കപ്പെടും