” ചെങ്കോട്ടസ്വകാര്യ കമ്പനിക്ക് കൈമാറിയത് സംഘ്പരിവാറിന്റ് ചരിത്രം മാറ്റിയെഴുതലിന്റെ ഭാഗവുമെന്നാരോപണം
ഡൽഹി: ഇന്ത്യയിലെ ഏറ്റവും പുരാതവും പ്രധാനപ്പെട്ടതുമായ ചരിത്ര സ്മാരകമായ ചെങ്കോട്ടയുടെ പരിപാലന ചുമതലയ്ക്കുള്ള അവകാശം സ്വകാര്യ കമ്പനിയായ ഡാൽമിയ 25 കോടി രൂപയ്ക്കു സ്വന്തമാക്കി. കഴിഞ്ഞ വർഷം രാഷ്ട്രപതി പ്രഖ്യാപിച്ച ചരിത്ര സ്മാരകങ്ങൾ ഏറ്റെടുക്കുന്ന പദ്ധതി പ്രകാരമാണ് ചെങ്കോട്ടയുടെ അവകാശം ഡാൽമിയ ഭാരത് ഗ്രൂപ്പിന് പതിച്ചു കിട്ടിയത്.പദ്ധതി വ്യവസ്ഥകൾ അനുസരിച്ച് ചെങ്കോട്ട ഇനി ഡാൽമിയ ഗ്രൂപ്പിന്റെ പരസ്യ പ്രചാരണത്തിന് വേദിയാകും. ഡാൽമിയയുടെ കുടിവെള്ള കിയോസ്കുകൾ, ബെഞ്ചുകൾ സ്ഥാപിക്കും. ഇതിനു പുറമേ നടപ്പാതകൾ, ശൗചാലയങ്ങൾ, ലാൻഡ് സ്കേപ്പിംഗ്, തിയേറ്റർ, പാർക്കിംഗ് ചാർജ്, കഫറ്റേരിയ എന്നിവയും സ്ഥാപിക്കും. ഇതിനെല്ലാം പുറമേ ഇവിടെയത്തുന്നവരിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാനും ഡാൽമിയക്കു കഴിയും.ചെങ്കോട്ടയുടെ വികസനത്തിനായി ടൂറിസം മന്ത്രാലയം അവസരം നൽകിയതിൽ അഭിമാനമുണ്ടെന്നാണ് ഡാൽമിയ എക്സിക്യുട്ടീവ് ഡയറക്ടർ സുദീപ് കുമാർ പറഞ്ഞത്. ചെങ്കോട്ടയെ ലോകോത്തര സ്മാരമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വർഷത്തേക്കാണ് ഡാൽമിയക്ക് പരിപാലന കരാർ ലഭിച്ചിരിക്കുന്നത്. മുപ്പതു ദിവസത്തിനുള്ളിൽ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഡാൽമിയ ഗ്രൂപ്പ് വ്യക്തമാക്കി.
എന്നാൽ, നരേന്ദ്ര മോദി സർക്കാർ ഇനി പണയം വയ്ക്കാൻ പോകുന്നത് പാർലമെന്റോ പ്രധാനമന്ത്രിയുടെ വസതിയോ സുപ്രീംകോടതിയെ ആണോ എന്നു ചോദിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ഇവയോരോന്നും സ്വകാര്യ സംരഭങ്ങൾക്ക് പണയം വയ്ക്കുമോ അതോ എല്ലാം കൂടി ഒരുമിച്ചു പണയപ്പെടുത്തുമോ എന്നായിരുന്ന കോണ്‍ഗ്രസിന്റെ ചോദ്യം. കേന്ദ്ര സർക്കാരിന് ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലെന്ന് അറിയാമെന്നും എന്നാൽ, എന്തെങ്കിലും കടപ്പാടുണ്ടോ എന്ന ചോദിച്ചു പോകുകയുമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞത്.
ചെങ്കോട്ട ഇപ്പോൾ ഡാൽമിയ ഗ്രൂപ്പിന്റെ ചെങ്കോട്ടയായിരിക്കുന്നു എന്നാണ് പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് പറഞ്ഞത്. എന്നാൽ, ചെങ്കോട്ടയിൽ നിന്ന് ഡാൽമിയ ഗ്രൂപ്പിന് ലാഭമുണ്ടാക്കുന്ന പദ്ധതിയല്ല ഇതെന്നാണ് കേന്ദ്ര സാംസ്കാരിക മന്ത്രി ഡോ. മഹേഷ് ശർമ പ്രതികരിച്ചത്. ചരിത്ര സ്മാരകങ്ങൾ പരിഷ്കരിച്ച് സംരക്ഷിക്കുന്നതിനായി കഴിഞ്ഞ വിനോദ സഞ്ചാര ദിനത്തിൽ രാഷ്ട്രപതി പ്രഖ്യാപിച്ച പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.
ഏപ്രിൽ ആദ്യമായാണ് ചെങ്കോട്ടയുടെ പരിപാലന അവകാശം കരസ്ഥമാക്കി ഡാൽമിയ ഗ്രൂപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയുമായി കരാർ ഒപ്പിട്ടത്. രാത്രികാലങ്ങൾ ഉൾപ്പടെ സന്ദർശനം നടത്താവുന്ന വിധത്തിലായിരിക്കും ഡാൽമിയ ഗ്രൂപ്പ് ചെങ്കോട്ടയുടെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നത്.
17-ാം നൂറ്റാണ്ടിൽ ആഗ്രയിൽ നിന്നു തന്റെ തലസ്ഥാനം ഡൽഹിയിലേക്കു മാറ്റിയപ്പോൾ മുഗൾ ചക്രവർത്തി ഷാജഹാൻ പണികഴിപ്പിച്ചതാണ് ചെങ്കോട്ട.