ചെങ്ങനൂരിലേ പിന്തുണ ചൊവ്വാഴ്ച മാണി
പാലാ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം അധ്യക്ഷൻ കെ.എം.മാണി. മാണിയുടെ പിന്തുണ തേടി യുഡിഎഫ് സംഘം സന്ദർശനം നടത്തിയശേഷമായിരുന്നു മാണിയുടെ മറുപടി. കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ ഉപസമിതി ചൊവ്വാഴ്ച ചേരുന്നുണ്ടെന്നും ഈ യോഗത്തിനുശേഷം പ്രതികരിക്കാമെന്നും യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കെ.എം. മാണി പറഞ്ഞു.
മാണിയെ നേരിട്ട് കണ്ട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർഥിക്കാനാണ് യുഡിഎഫ് നേതാക്കൾ എത്തിയത്. ഉമ്മൻ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. യുഡിഎഫിലേക്കു മടങ്ങിവരണമെന്നു മാണിയോട് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എമ്മിന്റെ നിലപാട് മാണി പ്രഖ്യാപിക്കാനിരിക്കേയാണ് യുഡിഎഫ് സംഘം എത്തിയത് എന്നത് നിർണായകമാണ്. കേരള കോണ്‍ഗ്രസ് വോട്ടുകൾ ആർക്കെന്ന് വ്യക്തമാക്കാൻ മാണി ഇതുവരെ തയാറായിട്ടില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം യോഗം ചേർന്നെങ്കിലും അന്തിമ തീരുമാനത്തിൽ എത്തിയിരുന്നില്ല.
എൽഡിഎഫിനൊപ്പം നിൽക്കണമെന്നാണ് ജോസ് കെ. മാണി ഉൾപ്പടെയുള്ളവരുടെ നിലപാടെങ്കിലും പി.ജെ.ജോസഫ് വിഭാഗം ഇതിനെ ശക്തമായി എതിർത്തു. ഇതേതുടർന്ന് നിലപാട് തീരുമാനിക്കാൻ പാർട്ടി പത്തംഗ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു. ഉപസമിതിയുടെ റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ച കേരള കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിക്കാനിരിക്കേയാണ് യുഡിഎഫിന്റെ അനുനയ നീക്കം.